തങ്കമണി പാറക്കടവ് സരസ്വതി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ, മയക്കുമരുന്ന് ഉപയോഗം, ലഹരി വസ്തുക്കൾ പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ വില്പന, നിയമവിരുദ്ധമോ അധാർമ്മികമോ ആയ മറ്റു പ്രവർത്തനങ്ങൾ എന്നിവ നടക്കുന്നത് തടയുക, സ്കൂൾ പരിസരത്ത് ഗതാഗത സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ പ്രധാന ഉദ്ദേശം.
01-08-2025 തിയതി, ഇടുക്കി ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ തങ്കമണി പോലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് മാനുവൽ, സിവിൽ പോലീസ് ഓഫീസർമാരായ ആഷ.ബി.എസ്, രേഖ എന്നിവരുടെ നേതൃത്വത്തിൽ പാറക്കടവ് സരസ്വതി സ്കൂളിൽ, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു.
SPG യുടെ ചുമതലകൾ
1) സ്കൂൾ പരിസരത്ത് ഗതാഗത സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുക.
2) മയക്കുമരുന്ന് വിൽക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ, മയക്കുമരുന്ന് പദാർത്ഥങ്ങൾ, അശ്ലീല പ്രസിദ്ധീകരണങ്ങൾ, പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന, ലഹരിപാനീയങ്ങൾ, പാൻ മസാലയുടെ ഉപയോഗം എന്നിവ സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കുകയും ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്യുക.
3) സ്കൂൾ സമയം അവസാനിക്കുന്നതിനു മുൻപ് സ്കൂളിൽ നിന്നും പോകുന്ന വിദ്യാർത്ഥികളെ കുറിച്ചും ക്ലാസുകൾ അവസാനിച്ച ശേഷവും അലഞ്ഞുതിരിഞ്ഞു നടക്കുന്ന വിദ്യാർത്ഥികളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുകയും ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യുക.
4) ചൂഷണം ലക്ഷ്യമാക്കി കുട്ടികളുമായി ചങ്ങാത്തം കൂടുന്നവരെ നിരീക്ഷിക്കുക, അവരെ നിയമവിരുദ്ധമോ അധാർമ്മികമോ ആയ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നുണ്ടോ എന്നും നിരീക്ഷിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്യുക.
5 ) സ്കൂൾ പ്രവർത്തിക്കുന്ന സമയത്ത് ഈ സ്ഥലത്തുള്ള അപരിചിതരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക.
6) സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യം ഏർപ്പെടുത്തിയ സ്കൂളുകളിൽ കമ്പ്യൂട്ടർ പോലെയുള്ള വസ്തുവകകളുടെ മോഷണവും രാത്രികാലങ്ങളിലെ ആസാൻമാർഗിക പ്രവർത്തികളും ഒഴിവാക്കാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുക.
















































































































