സംസ്ഥാന ഇൻറർ-പോളിടെക്നിക് കലോത്സവം: തിളക്കമാർന്ന വിജയവുമായി നെടുങ്കണ്ടം സർക്കാർ പോളിടെക്നിക് കോളേജ്

ജൂലായ് 10 മുതൽ 13 വരെ അടൂർ സർക്കാർ പോളിടെക്നിക് കോളേജിൽ വെച്ച് നടന്ന സംസ്ഥാന ഇൻ്റർ പോളിടെക്നിക് കലോത്സവത്തിൽ നെടുങ്കണ്ടം സർക്കാർ പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥമാക്കി. 11 വിഭാഗങ്ങളിലായി 29 കുട്ടികൾ കലോത്സവത്തിൽ പങ്കെടുത്തു. സംസ്ഥാനത്തെ 113 ഓളം പോളിടെക്നിക് കോളേജുകളിൽ നിന്നും 30-)o സ്ഥാനം കരസ്ഥമാക്കുവാനും ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുവാനും കോളേജിന് സാധിച്ചു.
ദേശഭക്തിഗാനം, മാപ്പിളപ്പാട്ട്, ലളിതഗാനം, കവിത രചന, ഉപന്യാസ രചന,എന്നീ വിഭാഗങ്ങളിൽ എ ഗ്രേഡും
തിരുവാതിര, നാടൻ പാട്ട്, സംഘഗാനം, മൈം എന്നിവയിൽ ബി ഗ്രേഡും മലയാളം പദ്യം ചൊല്ലൽ, കഥാരചന സി ഗ്രേഡും ആണ് വിദ്യാർത്ഥികൾ നേടിയത്. മലയോര മേഖലയിലെ യുവാക്കൾക്ക് ശാസ്ത്ര സങ്കേതിക വിദ്യാഭ്യാസം നൽകി കാൽ നൂറ്റാണ്ടിൻ്റെ പ്രവർത്തന പാരമ്പര്യവുമായി രജത ജൂബിലി നിറവിൽ നിൽക്കുന്ന കോളേജിന് ഈ നേട്ടം വിജയകിരീടത്തിലെ ഒരു പൊൻതൂവലായി മാറിയിരിക്കുകയാണ്.
മികവുറ്റ വിജയം നേടിയെടുത്ത വിദ്യാർത്ഥികൾക്കായി അനുമോദന യോഗവും കോളേജിൽ സംഘടിപ്പിച്ചു.
വിദഗ്ധ പരിശീലനം കൂടാതെയാണ് വിദ്യാർത്ഥികൾക്ക് ഈ വിജയം കരസ്ഥമാക്കുവാൻ സാധിച്ചിരിക്കുന്നത്. വരുംവർഷങ്ങളിൽ ഇതിലും മികച്ച വിജയം കൈവരിക്കുവാനുള്ള ശ്രമത്തിലാണ് അധ്യാപകരും വിദ്യാർത്ഥികളും.
സാങ്കേതിക രംഗത്തും അക്കാദമിക് രംഗത്തും മികവ് തെളിയിച്ച കോളേജ് ഇപ്പോൾ കലാരംഗത്തും മികവിന്റെ പാതയിൽ മുന്നോട്ടു കുതിക്കുകയാണ്.
ബോയ്സ് ഹോസ്റ്റൽ, സ്റ്റാഫ് ക്വാട്ടേഴ്സ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി കോളേജിനെ റസിഡൻഷ്യൽ പോളിടെക്നിക്ക് ആക്കി മാറ്റുവാൻ ഉള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചുവെന്നും, വിദ്യാർഥികളുടെ നൈപുണ്യ വികസനത്തിനും ശാസ്ത്ര സാങ്കേതിക പുരോഗതിക്കുമുള്ള എല്ലാ സംവിധാനങ്ങളും കോളേജിൽ സജ്ജമാണ് എന്നും പ്രിൻസിപ്പാൾ ഡോ.അരുൺ തോമസ് അറിയിച്ചു.
ഇലക്ട്രോണിക്സ് എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയറിങ്
എന്നീ ബ്രാഞ്ചുകൾ ആണ് കോളേജിൽ പ്രവർത്തിക്കുന്നത്. ഈ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികളും പുരോഗമിക്കുകയാണ്.









































































