ആമി യാത്രയായത് സ്വന്തം സ്കൂളിന്റെ മുന്നിൽ വച്ച്.അപകടത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ
ഇടുക്കി : കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ചത് അപകടത്തിൽ മരണപ്പെട്ട ആമി എൽസ(5) പഠിക്കുന്ന മാർ ഇവാനിയോസ് ബഥനി സ്കൂളിന് സമീപത്ത് വച്ച്.രാവിലെ വലിയ ശബ്ദം കേട്ടാണ് അടുത്തുള്ള പലരും ഉണർന്നത്.ഓടി റോഡിലെത്തിയപ്പോൾ പലരും കണ്ടത് ബസിൽ ഇടിച്ച് തകർന്ന് തരിപ്പണമായ വാഹനത്തിൽ കുടുങ്ങികിടക്കുന്നവരെ.പിന്നെ ഒട്ടും വൈകാതെ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.അടുത്തുള്ള ജെസിബി എത്തിച്ച് ബസിൽ കുരുങ്ങിയ വാൻ വേർപെടുത്തി.ഉടൻ തന്നെ കട്ടപ്പനയിൽ നിന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.പിന്നാലെ കിട്ടിയ വാഹനത്തിൽ പരിക്കേറ്റവരെയെല്ലാം ആശുപത്രിയിൽ എത്തിച്ചു.പക്ഷേ ആമിയെ മാത്രം രക്ഷിക്കാൻ കഴിഞ്ഞില്ല.പഠിക്കുന്ന സ്വന്തം സ്കൂളിന്റെ മുന്നിൽ വച്ച് തന്നെ ആമി യാത്രയായത് പലരെയും ദുഃഖത്തിലാഴ്ത്തി.കഴിഞ്ഞ ദിവസമാണ് കാട്ടേഴത്ത് എബിയും കുടുംബവും മലയാറ്റൂർ തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക് പുറപ്പെട്ടത്.തിരികെ വീട്ടിലെത്തുവാൻ ആറ് കിലോമീറ്റർ മാത്രം ശേഷിക്കേയാണ് ദുരന്തമുണ്ടായത്.സാരമായി പരിക്കേറ്റ എബി(32),ഭാര്യ അമലു=28),മകൻ രണ്ടുവയസുകാരൻ എയ്ഡൻ എന്നിവർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.മാതാപിതാക്കളായ തങ്കച്ചൻ(ജോസഫ് 61) മോളി(60) എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി പാലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.