സിദ്ധാര്‍ത്ഥിനെ കൊന്നത് താലിബാനികളെ നാണിപ്പിക്കുന്ന എസ്എഫ്ഐ: കെ സുരേന്ദ്രന്
കൊച്ചി: വൈത്തിരി വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണത്തില്‍ എസ്എഫ്ഐക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സഹപാഠികളുടെ മുന്നില്‍ സിദ്ധാര്‍ത്ഥിനെ മൂന്ന് മണിക്കൂര്‍ കെട്ടിയിട്ട് താലിബാനികളെ നാണിപ്പിക്കുന്ന രീതിയില്‍ തല്ലികൊല്ലുകയായിരുന്നുവെന്ന് കെ സുരേന്ദ്രന് ആരോപിച്ചു. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലാണ് സംഭവം നടന്നതെങ്കിലും മുഖ്യപ്രതിപക്ഷമായ യുഡിഎഫ് പ്രതികരിക്കുന്നില്ലെന്നും കെ സുരേന്ദ്രന് വിമര്‍ശിച്ചു.
എസ്എഫ്ഐ ക്രിമിനലുകള്‍ കേരളത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ ആള്‍ക്കൂട്ട വിചാരണ നടത്തി ജീവനെടുത്തിരിക്കുന്നു. സഹപാഠികളുടെ മുമ്പില്‍ മൂന്നു മണിക്കൂര്‍ കെട്ടിയിട്ട് താലിബാനികളെ നാണിപ്പിക്കുന്ന രീതിയില്‍ തല്ലിക്കൊല്ലുകയായിരുന്നു. പ്രതികളെ സംരക്ഷിക്കുന്നതാവട്ടെ കേരള പൊലീസും. കേരളത്തിലെ ഹോസ്റ്റലുകള്‍ എസ്എഫ്ഐയുടെ കോടതികളായി മാറിയിരിക്കുകയാണ്. സംഭവം നടന്നത് രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലായിട്ടും മുഖ്യപ്രതിപക്ഷമായ യുഡിഎഫ് പ്രതികരിക്കുന്നില്ല. സിപിഎം നേതാക്കളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും തണലിലാണ് എസ്എഫ്ഐയുടെ അഴിഞ്ഞാട്ടമെന്ന് വ്യക്തമാണ്.’ കെ സുരേന്ദ്രന് ഫേസ്ബുക്കിലൂടെ ആരോപിച്ചു.
പ്രതികളെ സിപിഐഎം സംരക്ഷിക്കുകയാണെന്ന് സിദ്ധാര്‍ത്ഥിന്റെ കുടുംബം ആരോപിച്ചു. നീതി തേടി മാതാപിതാക്കള്‍ സമരത്തിന് ഒരുങ്ങുകയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിന് ഇറങ്ങുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. 12 പ്രതികളെയും പിടികൂടാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് പോകുന്നതെന്നാണ് കുടുംബം പറയുന്നത്. ഒളിവിലാണെന്ന് പറയുന്ന പ്രതികള്‍ കോളേജിന്റെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ സജീവമെന്നും കുടുംബം ആരോപിക്കുന്നുണ്ട്. അതേസമയം സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രധാന പ്രതി അഖില്‍ പൊലീസ് പിടിയിലായിട്ടുണ്ട്. പാലക്കാട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.