കൊല്ലത്തുനിന്നു കാണാതായ 7 വയസ്സുകാരിയെ വിട്ടുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെട്ടു; 5 ലക്ഷം ചോദിച്ച് അമ്മയുടെ ഫോണിലേക്ക് കോൾ
കൊല്ലം ഓയൂരിൽനിന്നു തട്ടിക്കൊണ്ടുപോയ 7 വയസ്സുകാരിയുടെ അമ്മയെ ഫോണിൽ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട് സംഘം. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കു വിളിച്ച് അഞ്ചുലക്ഷം ആവശ്യപ്പെടുകയായിരുന്നു. കുട്ടി ഞങ്ങളുടെ പക്കലുണ്ട്, അഞ്ചുലക്ഷം തന്നാൽ മാത്രമേ കുട്ടിയെ തിരികെ നൽകു എന്നായിരുന്നു ഫോണിൽ വിളിച്ച ആൾ കുട്ടിയുടെ അമ്മയോട് പറഞ്ഞത്. കുട്ടിയുടെ ബന്ധുക്കളാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഇന്നു വൈകിട്ടായിരുന്നു കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെ ഓയൂർ മരുതമൺപള്ളിക്കു സമീപം വച്ചാണു തട്ടിക്കൊണ്ടുപോയത്. വൈകിട്ടു നാലുമണിയോടെയാണു സംഭവം. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകവേ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
തന്നെയും തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചതായും വലിച്ചിഴച്ചതായും സഹോദരനായ എട്ടുവയസ്സുകാരൻ കുടുംബത്തെ അറിയിക്കുകയായിരുന്നു. തുടർന്നു കുടുംബം സംഭവത്തെക്കുറിച്ചു പൊലീസിൽ ഫോൺ വിളിച്ചു അറിയിച്ചു. വെള്ള നിറത്തിലുള്ള ഹോണ്ടാ കാറിലാണു സംഘമെത്തിയത്. കാറിൽ നാലുപേരാണുണ്ടായിരുന്നത്.