വരൂ, സെല്‍ഫിയെടുക്കാം; പിന്നെ സുഗന്ധ പാതയിലൂടെ ഒരു സ്വപ്നയാത്രയും
രാജകുമാരി: സമീപനാളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ സൗന്ദര്യം നുകരാത്ത മലയാളികള്‍ വിരളമാണ്. അരിക്കൊമ്പനെ പിടികൂടി ഈ പാതയിലൂടെ കൊണ്ടുപോയ ചിത്രങ്ങളും വീഡിയോകളും എങ്ങും പ്രചരിച്ചതോടെയാണ് ഈ പാതയുടെ മനോഹാരിത മലയാളികള്‍ തിരിച്ചറിയുന്നത്. ഇതോടെ തമിഴ്നാട്ടിലെ ധനുഷ്കോടി വരെ നീളുന്ന പാതയിലൂടെ ഒരുവട്ടമെങ്കിലും സഞ്ചരിക്കാൻ മോഹം തോന്നാത്തവര്‍ വിരളമാണ്.
പ്രകൃതിദൃശ്യഭംഗി കണ്‍കുളിര്‍ക്കെ ആസ്വദിച്ച് സാവധാനത്തിലുള്ള യാത്ര ഹൃദ്യമായ അനുഭവമാണ് ഏവര്‍ക്കും സമ്മാനിക്കുന്നത്. സെല്‍ഫിയെടുത്തും വഴിയോരത്തെ തേയിലഫാക്ടറിയില്നിന്നുള്ള ചൂടുചായ നുകര്‍ന്നും മഞ്ഞണിഞ്ഞ തേയിലത്തോട്ടത്തിനു നടുവിലെ പാതയിലൂടെ സഞ്ചരിച്ചാല്‍ ആരുടെയും മനം ഹര്‍ഷപുളകിതമാകും. പച്ചപ്പട്ട് വിരിച്ചുനില്ക്കുന്ന തേയിലത്തോട്ടത്തിലൂടെയുള്ള യാത്ര അത്ര മനോഹരമാണ്.
തേയില ഫാക്ടറിയുടെ നാടായ പെരിയകനാല്‍ ജംഗ്ഷനിലെത്തിയാല്‍ വാഹനങ്ങള്‍ നിര്‍ത്തി ചൂട് ചായ രുചിക്കാതെ ആരും കടന്നുപോകാറില്ല. ഇതോടൊപ്പം തേയിലനിര്മാണ ഫാക്ടറിയില്‍നിന്നുള്ള തീക്ഷ്ണ ഗന്ധവും സഞ്ചാരികളെ ഹരം പിടിപ്പിക്കുന്നു.
ദേശീയപാതയോരത്തിന്റെ മറ്റൊരു ഭാഗമായ ലോക്കാട് വ്യൂ പോയിന്റിലും ഗ്യാപ് റോഡിലെ നിരവധി ഇടങ്ങളിലും ചായയുടെ രുചി നുകരാൻ സൗകര്യമുണ്ട്. കൊളുന്ത് നുള്ളുന്ന തൊഴിലാളികളും ദേശീയപാതയിലൂടെ ഇവ ട്രാക്ടറുകളില്‍ ഫാക്ടറികളിലേക്കു കൊണ്ടുപോകുന്ന കാഴ്ചയും മറ്റൊരു പ്രത്യേകതയാണ്.
മറയൂര്‍-മൂന്നാര്‍ റോഡില്‍ നിരവധി തേയില ഫാക്ടറികളാണുള്ളത്. പെരിയവര, വാഗവര, കന്നിമല തുടങ്ങിയ ഫാക്ടറികള്‍ റോഡിന്റെ ഓരത്താണ് സ്ഥിതിചെയ്യുന്നത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ പെരിയകനാലിലും പള്ളിവാസലിലും മൂന്നാര്‍ ടോപ് സ്റ്റേഷൻ റോഡില്‍ മാട്ടുപ്പെട്ടിയിലുമാണ് തേയില ഫാക്ടറികള്‍ സ്ഥിതി ചെയ്യുന്നത്.
പല ഫാക്ടറികളോടനുബന്ധിച്ചും തേയിലയുടെ വില്പനയ്ക്കായി ഔട്ട്ലെറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരുവേള അരിക്കൊന്പന്റെ വിഹാരകേന്ദ്രമായിരുന്നു പെരിയകനാല്‍. അങ്ങനെ വാര്‍ത്തകളില്‍ ഇടം നേടിയ പെരിയകനാല്‍ മലയാളികളുടെ മനസില്‍നിന്നു മാഞ്ഞിട്ടില്ല.