ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; പൊതുമാനദണ്ഡം രൂപപ്പെടുത്തണമെന്ന് കേരള കോണ്‍ഗ്രസ് (എം)
കട്ടപ്പന: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മതപരമായ തരംതിരിക്കലും വിവേചനവും കൂടാതെ ന്യൂനപക്ഷ വിഭാഗങ്ങളെ ഒന്നായി കണ്ട് അര്‍ഹതയുടെ അടിസ്ഥാനത്തില്‍ പൊതുമാനദണ്ഡം രൂപപ്പെടുത്തി എല്ലാ വിഭാഗത്തിലുമുള്ള അര്‍ഹരായ ആളുകള്‍ക്ക് ലഭ്യമാകുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ല പ്രസിഡന്റ് ജോസ് പാലത്തിനാല്‍, ജില്ല ജനറല്‍ സെക്രട്ടറി അഡ്വ.മനോജ്.എം.തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി വിധി നിലവിലുള്ള തെറ്റായ നയം തിരുത്താനുള്ള അവസരമായി ഉപയോഗപ്പെടുത്തണം. ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നീതി ലഭിക്കുന്ന രീതിയില്‍ വിവേചന രഹിതമായി ലഭ്യമാക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. മതപരമായോ, ജനസംഖ്യാപരമായോ വേര്‍തിരിച്ചുള്ള വീതം വയ്പല്ല നടത്തേണ്ടത്. മറിച്ച് അര്‍ഹതയുടെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമായ ഒരു പൊതുമാനദണ്ഡം രൂപപ്പെടുത്തിയാല്‍ ഇത്തരം തര്‍ക്കങ്ങള്‍ ഒഴുവാക്കാം. അങ്ങനെ വരുമ്പോള്‍ ഒരേ നീതി എല്ലാവര്‍ക്കും ലഭ്യമാകും. ഒരു വിഭാഗത്തിന് വലിയ പങ്ക് ലഭിക്കുന്ന രീതിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കോടതി വിധിക്ക് അപ്പീല്‍ നല്‍കി നിലനിന്നിരുന്ന നീതിനിഷേധവും അസന്തുലിതാവസ്ഥയും പുനഃസ്ഥാപിക്കണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം യു.ഡി.എഫിനും ഒരു മതനിരപേക്ഷ പാര്‍ട്ടി എന്ന് അവകാശപ്പെടുകയും മതേതരത്തിന് വേണ്ടി നിരന്തരം വാദിക്കുകയും ചെയ്യുന്ന ലീഗ് പോലുള്ള രാഷ്ര്ടീയ പാര്‍ട്ടിക്ക് ഭൂക്ഷണമല്ല. വിഷയത്തില്‍ യു.ഡി.എഫ് നിലപാട് വെളിപ്പെടുത്തണം. പ്രസ്തുത നിലപാട് മതേതരത്തിന് യോജിക്കാത്തതാണെന്ന് മനസിലാക്കി മുസ്ലിംലീഗ് നിലപാട് തിരുത്തണമെന്നും കേരള കോണ്‍ഗ്രസ് (എം) ജില്ല പ്രസിഡന്റ് ജോസ് പാലത്തിനാല്‍, ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. മനോജ്.എം.തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.