സ്ഫടികം 4 കെ യൂട്യൂബില്‍; വ്യൂ രണ്ട് ലക്ഷം കഴിഞ്ഞു
കൊച്ചി: മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമാണ് സ്ഫടികം. പുതിയ സാങ്കേതിക മികവില്‍ തീയറ്ററില്‍ വീണ്ടും എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.രണ്ടാം വരവില്‍ മോശമല്ലാത്ത കളക്ഷന്‍ സ്ഫടികം 4 കെ റീമാസ്റ്റര്‍ നേടിയിരുന്നു. ഇപ്പോള്‍ യൂട്യൂബില്‍ എത്തിയിരിക്കുകയാണ് ചിത്രം. മുന്‍പ് സ്ഫടികത്തിന്റെ 24ാം വാര്‍ഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിംഗ് വെര്ഷൻ വരുന്നുവെന്ന വിവരം ഭദ്രൻ അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ പ്രചാരങ്ങള്‍ നടന്നിരുന്നു. ഇതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളില്‍ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രൻ അറിയിച്ചത്. 145 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം നടത്തിയത്. മികച്ച കളക്ഷനും ചിത്രം നേടിയിരുന്നു.
റീമാസ്റ്ററിംഗിനു മാത്രമായി ചിത്രത്തിന് ചെലവായത് 2 കോടിയാണ്. മറ്റ് ചിലവുകളും കൂട്ടിയാല്‍ മൂന്ന് കോടിക്ക് അടുത്ത് വരും. ഈ തുക തിയറ്ററുകളില്‍ നിന്നു തന്നെ തിരിച്ചുപിടിച്ചിരുന്നു സ്ഫടികം. കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ട 160 സ്ക്രീനുകളില്‍ നിന്ന് മാത്രം ആദ്യ നാല് ദിനങ്ങളില്‍ ചിത്രം 3 കോടിക്ക് മുകളിലാണ് നേടിയത്. ഒപ്പം മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. മാറ്റിനി നൌ എന്ന യൂട്യൂബ് ചാനലിലാണ് പുതിയ സാങ്കേതിക തികവോടെ വീണ്ടുംസ്ഫടികം കാണാന്‍ കഴിയുക. ഇതിനകം രണ്ട് ലക്ഷത്തോളം വ്യൂ ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു.