ദേവികുളത്ത് ആദിവാസി മേഖല കേന്ദ്രീകരിച്ച് എൽഡിഎഫ്, യുഡിഎഫ് പ്രചാരണം
LDF and UDF campaign focusing on tribal areas in Devikulam
മൂന്നാർ ∙ ദേവികുളം മണ്ഡലത്തിലെ ആദിവാസി, തോട്ടം മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണം. ചിന്നക്കനാൽ പഞ്ചായത്തിലെ ബിഎൽറാമിൽ നിന്നാണ് യുഡിഎഫ് സ്ഥാനാർഥി ഡി.കുമാറിന്റെ സന്ദർശനം ആരംഭിച്ചത്.
ആദിവാസി മേഖലകളായ സിങ്കുകണ്ടം, ചെമ്പകത്തൊഴു, ടാങ്ക് കുടി എന്നിവിടങ്ങളിൽ രാവിലെ നടത്തിയ പര്യടനത്തിന് ശേഷം ഹാരിസൺ മലയാളം പ്ലാന്റേഷനിലെ പാപ്പാത്തിച്ചോല, നാഗമല, അപ്പർ സൂര്യനെല്ലി, ഗുണ്ടുമല തുടങ്ങിയ എസ്റ്റേറ്റുകളിൽ തൊഴിലാളി ലയങ്ങളിലും തൊഴിലാളികൾ ജോലി ചെയ്യുന്ന തേയില ത്തോട്ടങ്ങളിലും എത്തി വോട്ടഭ്യർഥിച്ചു.
രാഹുൽഗാന്ധിയുടെ അടിമാലിയിലെ സന്ദർശനം പ്രമാണിച്ച് ഉച്ചക്ക് ഒരുമണിയോടെ സൂര്യനെല്ലിയിൽ പ്രചാരണം അവസാനിപ്പിച്ചു. ബിഎൽറാമിൽ എ.കെ.മണി ഉദ്ഘാടനം ചെയ്ത പ്രചാരണത്തിന്റെ സമാപനം സൂര്യനെല്ലിയിൽ കെപിസിസി അംഗം കെ.ടി.മൈക്കിളാണ് ഉദ്ഘാടനം ചെയ്തത്. ഉച്ചകഴിഞ്ഞ് രാഹുൽഗാന്ധിയുടെ സന്ദർശന പരിപാടിയിൽ പങ്കെടുക്കാൻ ഡി.കുമാർ അടിമാലിയിലേക്ക് പോയി.
ഇടത് മുന്നണി സ്ഥാനാർഥി എ.രാജ ഇന്നലെ പര്യടനം ആരംഭിച്ചതും ആദിവാസി മേഖലയിൽ നിന്നായിരുന്നു. വട്ടവട പഞ്ചായത്തിലെ ആദിവാസി ഉൗരായ കൂഡല്ലാർ കുടിയിൽ നിന്നായിരുന്നു തുടക്കം. വൽസപ്പെട്ടി, സാമിയാർ അള തുടങ്ങിയ ആദിവാസി ഉൗരുകൾ സന്ദർശിച്ച ശേഷം കാർഷിക മേഖലയായ ചിലന്തിയാർ, പഴത്തോട്ടം, കൊട്ടക്കമ്പൂർ, വട്ടവട, കോവിലൂർ പ്രദേശങ്ങളിലും വോട്ടഭ്യർഥിച്ച് എത്തി.
ഉച്ചക്ക് ശേഷം ദേവികുളം പഞ്ചായത്തിലെ തേയിലത്തോട്ടം മേഖലയായ ചിറ്റുവരൈ, ചെണ്ടുവരൈ, കുണ്ടള, മാട്ടുപ്പെട്ടി മേഖലകളിലും പര്യടനം നടത്തി. ഇടത് മുന്നണി നേതാക്കളായ കെ.വി.ശശി, പി.മുത്തുപ്പാണ്ടി, പി.പഴനിവേൽ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.
ബിജെപി പ്രസിഡന്റ് ജെ.പി.നദ്ദയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തൊടുപുഴയിലായിരുന്നതിനാൽ എൻഡിഎ സ്ഥാനാർഥി എസ്.ഗണേശൻ ഇന്നലെ പരസ്യ പ്രചാരണത്തിന് ഇറങ്ങിയില്ല.