ഇനി ഇടുക്കി ആസ്വദിക്കാം കുറഞ്ഞ ചിലവിൽ : കെ. എസ്. ആർ. ടി. സി സൗകര്യമൊരുക്കുന്നു
തൊടുപുഴ: ഇടുക്കി, ചെറുതോണി അണക്കെട്ടിന്റെ ഗാംഭീര്യവും വാഗമണ്ണിന്റെ സൗന്ദര്യവും കുറഞ്ഞ ചെലവില്‍ സഞ്ചാരികള്‍ക്ക് കാണാന്‍ കെ.എസ്.ആര്.ടി.സി സൗകര്യമൊരുക്കുന്നു.
തൊടുപുഴ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍നിന്നാണ് സൈറ്റ് സീയിങ് സര്‍വിസ് ഒരുങ്ങുന്നത്. മൂന്നാര്‍ ഡിപ്പോയിലടക്കം പദ്ധതി വിജയകരമായതോടെയാണ് തൊടുപുഴ ഡിപ്പോയില്‍നിന്ന് സര്‍വിസ് ആരംഭിക്കുന്നത്. കുളമാവ്, ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ കണ്ട് വാഗമണ്‍വഴി മടങ്ങുന്ന തരത്തിലാണ് സര്‍വിസ്. അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ഇപ്പോള്‍ ഒരു ട്രിപ് നടത്താനാണ് ആലോചിക്കുന്നത്.
ഇത് സംബന്ധിച്ച് കെ.എസ്.ആര്.ടി.സി ടൂറിസം സെല്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. രാവിലെ എട്ടിന് ആരംഭിച്ച് രാത്രി എട്ടോടെ തിരികെ എത്തുന്ന രീതിയിലാകും സമയക്രമം. തൊടുപുഴയില്‍നിന്ന് കുളമാവ്, ചെറുതോണി, ഇടുക്കിവഴി വാഗമണ്‍ കണ്ട് തിരിച്ചുവരുകയാണ് ലക്ഷ്യം. ഇതിനിടക്കുള്ള ടൂറിസ്റ്റ് സ്ഥലങ്ങളും കാണാന്‍ സൗകര്യമുണ്ടാകും.
ഓരോ പോയന്റുകളിലും ഒരു മണിക്കൂര്‍വരെ ചെലവഴിക്കാന്‍ അവസരവുമുണ്ടാകും. ഇതിനിടെ ചിത്രമെടുക്കാനും യാത്രികര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കുമുള്ള സൗകര്യവും ഏര്‍പ്പെടുത്തും. പദ്ധതി വിജയകരമായാല്‍ ഇതിനുശേഷം മൂന്നാറിലേക്ക് രണ്ടാം ഘട്ടത്തില്‍ സര്‍വിസ് നടത്താനാണ് തീരുമാനം. ജില്ലക്ക് പുറത്തുള്ള ഡിപ്പോകളില്‍നിന്ന് ഇപ്പോള്‍ ഇടുക്കിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്.ടി.സി സൈറ്റ് സീയിങ് സര്‍വിസ് ആരംഭിച്ച സാഹചര്യത്തിലാണ് തൊടുപുഴ ഡിപ്പോയും സര്‍വിസ് ആരംഭിക്കാനൊരുങ്ങുന്നത്.
ഇത് വിനോദസഞ്ചാര മേഖലക്കും കെ.എസ്.ആര്.ടി.സിക്കും ഗുണം ചെയ്യുമെന്നാണ് അധികൃതര്‍ കരുതുന്നത്. കഴിഞ്ഞ ദിവസം ചാലക്കുടി ഡിപ്പോയില്‍നിന്ന് തൊമ്മന്‍കുത്തിലേക്ക് കെ.എസ്.ആര്.ടി.സി സൈറ്റ് സീയിങ് യാത്ര നടത്തി. 42 സഞ്ചാരികളാണ് ഉണ്ടായിരുന്നത്. മൂന്നാര്‍, കുമളി ഡിപ്പോകള്‍ ഇപ്പോള്‍ സൈറ്റ് സീയിങ് സര്‍വിസ് നടത്തുന്നുണ്ട്.
കുമളിയില്‍നിന്ന് ഒരു സര്‍വിസ് മാത്രമാണുള്ളത്. തൊടുപുഴയിലും പരിസരത്തുമായി ഒട്ടേറെ ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളെക്കൂടി സര്‍വിസില്‍ ഉള്‍പ്പെടുത്തി സൈറ്റ് സീയിങ് സര്‍വിസ് വിപുലപ്പെടുത്തണമെന്നാണ് ആവശ്യം