എ.ടി.എം. പ്രവർത്തനരഹിതം; മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു
ഉപ്പുതറ: മാസങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന ഗ്രാമീൺ ബാങ്കിന്റെ എ.ടി.എം. കൗണ്ടറിനുമുന്നിൽ സൗഹൃദ സ്വയംസഹായസംഘം പ്രവർത്തകർ മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു. ഉപ്പുതറ ടൗണിലെ മറ്റ് മൂന്നു എ.ടി.എമ്മുകളിലും ഒന്നിൽ കൂടുതൽ അവധിദിവസങ്ങൾ ഉണ്ടായാൽ മിക്കപ്പോഴും പണം ഉണ്ടാകാറില്ല.ഇതുസംബന്ധിച്ച് നിരവധി പരാതികൾ നൽകിയിട്ടും പ്രതിഷേധം നടത്തിയിട്ടും നടപടി ഉണ്ടായില്ലന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. നടപടി ഉണ്ടായില്ലങ്കിൽ സമരം ശക്തമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.പ്രസിഡന്റ് പി.ആർ.കണ്ണൻ, ഷിബു കെ.തമ്പി, ഷിനോജ് ജോസഫ്, ബിജു ഗോപിനാഥ്, ബൈജു ആന്റണി, ഷിജോ ഫിലിപ്പ്, രാജാബാലു, വി.എ.ഹനീഫ എന്നിവർ നേതൃത്വം നൽകി.
*ബാങ്ക് അധികൃതർ പറയുന്നത്* അതേസമയം എ.ടി.എം.മെഷീൻ ക്വട്ടേഷൻ എടുത്തിരിക്കുന്ന കമ്പനിയുടെ സേവനത്തിന്റെ പോരായ്മയാണ് കൗണ്ടറിന്റെ തകരാറിന് കാരണമെന്നും ഇവരെ മാറ്റാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബ്രാഞ്ച് മാനേജർ അറിയിച്ചു.







































































































































