അമ്മയുടെ കല്ലറയിൽ ഇനി പി.ടിയുടെ ഓർമകളും; ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള സ്മൃതിയാത്ര ഉപ്പുതോട്ടിലേക്ക്
തൊടുപുഴ:പി.ടി. ഒരിക്കൽകൂടി ഇന്ന് ജന്മനാട്ടിൽ എത്തും, അന്ത്യവിശ്രമത്തിനായി. ചിതാഭസ്മത്തിൽ ഒരുഭാഗം അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണമെന്ന പി.ടി.തോമസിന്റെ ആഗ്രഹപ്രകാരമാണ് സ്വദേശമായ ഇടുക്കിയിലെ ഉപ്പുതോട്ടിലേക്കു കൊണ്ടുവരുന്നത്. ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള സ്മൃതിയാത്ര ഇന്നു രാവിലെ 7ന് പാലാരിവട്ടത്തെ വീട്ടിൽനിന്ന് ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സാന്നിധ്യത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ കുടുംബാംഗങ്ങളിൽനിന്ന് ചിതാഭസ്മം ഏറ്റുവാങ്ങും.
തുറന്ന വാഹനത്തിൽ കൊണ്ടു പോകുന്ന ചിതാഭസ്മ സ്മൃതിയാത്രയ്ക്കു വിവിധ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് ആദരമർപ്പിക്കാം. എറണാകുളം ജില്ലയിലെ പ്രയാണത്തിനുശേഷം സ്മൃതി യാത്ര 11നു നേര്യമംഗലത്ത് എത്തിച്ചേരുമ്പോൾ ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന്റെ നേതൃത്വത്തിൽ ചിതാഭസ്മം ഏറ്റുവാങ്ങും. സ്മൃതിയാത്ര 11.45ന് ഇരുമ്പുപാലം, 12.15ന് അടിമാലി, 1.30ന് കല്ലാർകുട്ടി, 2ന് പാറത്തോട്, 3ന് മുരിക്കാശേരി എന്നിവിടങ്ങളിൽ എത്തിച്ചേരും.
വൈകുന്നേരം 4ന് ഉപ്പുതോട്ടിൽ എത്തിച്ചേരും. ചിതാഭസ്മം ഉപ്പുതോട് കുരിശടിയിൽ കുടുംബാംഗങ്ങൾക്കു കൈമാറും. ഉപ്പുതോട് സെന്റ് തോമസ് പള്ളിയുടെ മുറ്റത്ത് പ്രത്യേകം തയാറാക്കിയ പന്തലിൽ പൊതുജനങ്ങൾക്ക് ആദരം അർപ്പിക്കാനുള്ള സൗകര്യമുണ്ട്. തുടർന്ന് ബന്ധുക്കൾ ചേർന്ന് പി.ടിയുടെ അമ്മയുടെ കല്ലറയിൽ ചിതാഭസ്മം അടക്കം ചെയ്യും.”