തൊടുപുഴയിൽ തട്ടുകടകളും ഹോട്ടലും പുലർച്ചെ ഒന്ന് വരെ പ്രവർത്തിക്കും; നിർദേശത്തിൽ ഭേദഗതി

തൊടുപുഴ ∙ രാത്രി പ്രവർത്തിക്കുന്ന ഹോട്ടൽ, തട്ടുകട ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 12 ന് അടയ്ക്കണമെന്ന നിർദേശത്തിൽ ഭേദഗതി. ഇനി മുതൽ പുലർച്ചെ ഒന്നുവരെ നീട്ടാൻ ധാരണയായി. നഗരസഭ അധികാരികളും പൊലീസും മർച്ചന്റ്സ് അസോസിയേഷനും വിവിധ സംഘടനാ ഭാരവാഹികളും ചേർന്ന യോഗത്തിലാണ് തീരുമാനം. തൊടുപുഴ നഗരം രാത്രിയുടെ മറവിൽ ലഹരി മാഫിയയുടെ കേന്ദ്രമായി മാറുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ സംഭവം വരെ ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് കടയുടമ ഉൾപ്പെടെ 3 പേരെ പൊലീസ് മൂന്നാഴ്ച മുൻപാണ് പിടികൂടിയത്. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് നഗരസഭാ ചെയർപഴ്സൻ സാബിറ ജലീലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാത്രി കച്ചവടക്കാർക്ക് അവരുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ അനുസരിച്ച് പ്രവർത്തന സമയം പുലർച്ചെ ഒരു മണി വരെ മാത്രം എന്നു തീരുമാനിക്കുകയായിരുന്നു.
ഹോസ്റ്റലുകൾ, വിദ്യാർഥികൾ താമസിക്കുന്ന കെട്ടിടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിവര ശേഖരണം നടത്തി നിയന്ത്രണം നടത്തുന്നതിനുള്ള നടപടികൾക്കും തീരുമാനമായി. തട്ടുകടകൾ കേന്ദ്രീകരിച്ച് അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് തൊടുപുഴ പൊലീസിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത സിഐ കെ.പി.മനേഷ് പറഞ്ഞു.
മർച്ചന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിനിധികൾ, തട്ടുകട യൂണിയൻ തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തൊടുപുഴയിൽ ലഹരി ഇടപാടുകളെക്കുറിച്ചുള്ള ആശങ്ക വീണ്ടും ശക്തമായ സാഹചര്യത്തിൽ പൊലീസ് കർശന നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും തുടർ നടപടികൾ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.








































































































































