വാഴവര സെൻ്റ് മേരീസ് സ്കൂൾ വിദ്യാർത്ഥി അനക്സിന് സംസ്ഥാന ബാല ശാസ്ത്ര പുരസ്കാരം ലഭിച്ചു

സംസ്ഥാന ശാസ്ത്രവേദിയുടെ ഈ വർഷത്തെ ബാലശാസ്ത്ര പുരസ്കാരത്തിന് വാഴവര സെൻ്റ് മേരീസ് ഹൈസ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥി അനക്സ് ജോഷി അർഹത നേടി. നവീന ശാസ്ത്ര ഭാവനകൾ അവതരിപ്പിക്കുന്ന പ്രതിഭകൾക്കാണ് ഈ പുരസ്കാരം നൽകുന്നത്.
കാർഷിക മേഖലക്ക് പുത്തൻ പ്രതീക്ഷ പകർന്നു നൽകിക്കൊണ്ട് കർഷകർക്ക് ആധുനിക കൃഷിരീതികൾ വളരെ സൗകര്യപ്രദമായ രീതിയിൽ നടപ്പാക്കാൻ കഴിയുന്ന മൾട്ടി പർപ്പസ് അഗ്രോ വീക്കിൾ വികസിപ്പിച്ചു കൊണ്ടാണ് അനക്സ് സംസ്ഥാന തല ശാസ്ത്ര പ്രതിഭാ പുരസ്കാരത്തിന് അർഹത നേടിയത്.ദൂരത്തിൽ നിന്നു കൊണ്ട് റിമോട്ട് കൺട്രോൾ സംവിധാനത്തിൻ്റെ സഹായത്തോടെ കാർഷിക പ്രവർത്തനങ്ങൾ എളുപ്പത്തിലും വേഗത്തിലും ചെയ്യാവുന്ന രീതിയിലാണ് ഈ അത്യാധുനിക കാർഷിക വാഹനം രൂപകൽപ്പന ചെയ്തിട്ടുള്ളത്.
ഒരൊറ്റ വാഹനത്തിൽ നിരവധി കാർഷിക പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ കർഷകരുടെ സമയവും അധ്വാനവും ലാഭിക്കാനും കൃഷിപ്പണികൾ കൂടുതൽ കാര്യക്ഷമമാക്കാനും ഇത് സഹായിക്കും. കാർഷിക മേഖലയിലെ കഠിനമായ ജോലികൾ ലളിതമാക്കുന്നതിനൊപ്പം ആധുനിക സാങ്കേതിക വിദ്യകൾ സാധാരണക്കാരിലേക്കും എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
നാലുമുക്ക് തുണ്ടത്തിൽ ജോഷി സെബാസ്റ്റ്യൻ്റെയും ജെയ്സി ജോഷിയുടെയും മകനാണ് അനക്സ് ജോഷി.






































































































































