വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. പരിശോധന ശക്തമാക്കും.വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും പിഴ ഈടാക്കും. പിഴ ഈടാക്കിയാൽ മോഡിഫിക്കേഷൻ മാറ്റി വീണ്ടും വാഹനം ഹാജരാക്കണം.
റീലുകൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിയമവിരുദ്ധ മോഡിഫിക്കേഷനുള്ള വാഹനങ്ങൾ കണ്ടെത്തണം. കഴിഞ്ഞ 3 മാസക്കാലയളവിൽ അനധികൃത മോഡിഫിക്കേഷനിൽ എടുത്ത നടപടി അറിയിക്കണം. എല്ലാ RTO മാരും സെപ്റ്റംബർ 3 ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഗതാഗത കമ്മീഷണറേറ്റ് ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി കടുപ്പിച്ചത്.
അതേസമയം, വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കർശന നടപടിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കണം. അനുവദനീയമായതിൽ കൂടുതലായി ഒരു ലൈറ്റും വാഹനത്തിൽ ഘടിപ്പിക്കരുത്. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കണം. അതിതീവ്ര വെളിച്ചമുള്ള എൽഇഡി ലൈറ്റുകൾ, കളർ ലൈറ്റുകൾ എന്നിവ അനുവദനീയമല്ല. ഇത്തരം ലൈറ്റുകൾ കാൽനടക്കാരെയും മറ്റു വാഹനങ്ങളെയും അപകടത്തിൽ ആക്കുമെന്ന് കോടതി വിലയിരുത്തി. ശബ്ദവും തീയും ഉണ്ടാകുന്ന പുകക്കുഴലുകൾ അപകട സാധ്യത സൃഷ്ടിക്കുന്നതാണ്. ഇത് കർശനമായി നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.









































































































































