ദേവികുളം നിയോജകമണ്ഡലത്തിലെ പ്രതിഭകളെ ആദരിക്കുന്നു; അഡ്വ..ഡീൻ കുര്യാക്കോസ് എം.പി.യുടെ മെറിറ്റ് അവാർഡ് വിതരണം ജൂൺ 14-ന് അടിമാലിയിൽ

ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് നടപ്പിലാക്കുന്ന ‘റൈസ്’ (RISE – Rejuvenating Idukki Socially and Educationally) പദ്ധതിയുടെ ഭാഗമായി, ഈ വർഷത്തെ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് (A+) നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന മെറിറ്റ് അവാർഡ് വിതരണത്തിന്റെ ഭാഗമായി ദേവികുളം നിയമസഭാ മണ്ഡലതല അവാർഡ് വിതരണം 2026 ജൂൺ 14 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് അടിമാലി വിശ്വദീപ്തി സി.എം.ഐ പബ്ലിക് സ്കൂളിൽ വെച്ച് നടക്കും.
കേരള പൊലീസ് അക്കാഡമി ഡയറക്ടർ കെ. സേതുരാമൻ ഐ.പി.എസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ദേവികുളം നിയോജകമണ്ഡലത്തിന്റെ പരിധിയിൽ വരുന്ന അടിമാലി, വെള്ളത്തൂവൽ, പള്ളിവാസൽ, മാങ്കുളം, ബൈസൺവാലി, ചിന്നക്കനാൽ, മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട എന്നീ ഗ്രാമപഞ്ചായത്തുകളിലെ സ്റ്റേറ്റ് സിലബസ് സ്കൂളുകളിൽ നിന്ന് പ്ലസ് ടു/എസ്.എസ്.എൽ.സി പരീക്ഷകളിലും, സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്ന് പ്ലസ് ടു പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കുന്നതാണ്.
അർഹരായ വിദ്യാർത്ഥികളെ കൃത്യസമയത്ത് ചടങ്ങിൽ എത്തിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർ വഴി ബന്ധപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.പി അറിയിച്ചു.
O/o അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, ഇടുക്കി.
ഫോൺ- 9446981284,8281282948, 04862-222266, 04862-236266































































































































