സൗത്ത് ഇന്ത്യൻ ബാങ്ക് ടൂർ ഓഫ് തേക്കടി – ലോകനിലവാരത്തിൽ ഒരു സാഹസിക സൈക്കിൾ മത്സരം കേരളത്തിൽ

കോട്ടയം ആസ്ഥാനമായുള്ള കെഗ് ബൈക്കേഴ്സ് നേത്യത്വം നൽകുന്ന അഞ്ചാമത് ടൂർ ഓഫ് തേക്കടി ഗ്രാൻ്റ് ഫോണ്ടൊ സൈക്ക്ലിംഗ് ഇവൻ്റ് ഈ വർഷം മാർച്ച് പതിനാലിന് അരങ്ങേറുകയാണ്. സൗത്ത് ഇന്ത്യൻ ബാങ്ക് മുഖ്യ പ്രായോജർ ആയുള്ള ഈ പരിപാടി കഴിഞ്ഞ വർഷങ്ങളിൽ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കേരള ടൂറിസം ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ചു നടത്തുന്ന ഈ പരിപാടി വിദേശരാജ്യങ്ങളിൽ നിന്നുള്ള സൈക്ലിസ്റ്റുകളെയും ആകർഷിക്കുന്നുണ്ട്. ഹൈറേഞ്ചിൻ്റെ പ്രകൃതി സൗന്ദര്യം തനതായ രീതിയിൽ ആസ്വദിക്കാൻ അവസരം നൽകുന്ന ഈ ഇവൻ്റിൽ റേസ് കാറ്റഗറിയിലും ടൂറിംഗ് കാറ്റഗറിയിലുമായി ധാരാളം പേർ പങ്കെടുക്കുന്നുണ്ട്.
കോട്ടയത്തു നിന്ന് ആരംഭിക്കുന്ന ഈ സൈക്കിൾ യാത്ര ശാന്തസുന്ദരമായതും പച്ചപ്പിൽ കുളിച്ച റബ്ബർ തോട്ടങ്ങളും സമൃദ്ധമായ തേയില തോട്ടങ്ങളും കടന്ന് ഏലം പൂക്കുന്ന മലനിരകളിലൂടെ തേക്കടിയുടെ നിറവിലേക്കെത്തുന്നു. സമതലത്തിൽ നിന്നും 3000ത്തിൽ അധികം ഉയരത്തിലേക്ക് സൈക്കിൾ ചവിട്ടുക എന്ന ലക്ഷ്യം പലയിടത്തും ടൂർ ഡെ ഫ്രാൻസിനോട് കിടപ്പിടിക്കുന്നതാണ്. സാഹസികരായ സൈക്കിൾ സവാരിക്കാർക്ക് പകരം വെക്കാനാവാത്ത അനുഭവമായിരിക്കും ഈ സൈക്ക്ലിംഗ് ഇവൻ്റ് നൽകുന്നത്.
സൈക്ലിംഗ് ഒരു മത്സര ഇനമായി കരുതുന്നവർക്കും പ്രകൃതിസൗന്ദര്യം ആസ്വദിച്ച് സവാരിചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കും തുല്യ അവസരം ഒരുക്കുകയാണ് ടൂർ ഓഫ് തേക്കടി. മെൻ-എലൈറ്റ്, എന്ന മത്സരവിഭാഗത്തിൽ പതിനെട്ടിനും മുപ്പത്തി ഒമ്പതിനും ഇടയിൽ പ്രായമുള്ള സൈക്ലിസ്റ്റുകൾ എട്ട് മണിക്കൂറിനുള്ളിൽ മത്സരം പൂർത്തിയാക്കണം. നാൽപ്പതിനു മുകളിൽ പ്രായമുള്ളവർക്കായി മെൻ-മാസ്റ്റേഴ്സ് എന്ന വിഭാഗത്തിനു പൂർത്തിയാക്കാനായി ഒമ്പതുമണിക്കൂർ സമയം ലഭിക്കും. വനിതകളുടെ മത്സര വിഭാഗമായ വിമൻസ് റേസിൽ പതിനെട്ടിനു മുകളിൽ പ്രായമുള്ള ആർക്കും പങ്കെടുക്കാവുന്നതും ഒമ്പത് മണിക്കൂറിനുള്ളിൽ ലക്ഷ്യത്തിൽ എത്തേണ്ടതുമാണ്. മത്സരവിഭാഗത്തിൽ അല്ലാതെ ടൂറിംഗ് കാറ്റഗറിയിൽ പങ്കെടുക്കുന്നവർക്ക് പതിനാല് മണിക്കൂർ ആണ് ഈ ദൂരം പിന്നിടുവാനായി അനുവദിച്ചിരിക്കുന്ന സമയം
കോട്ടയത്തു നിന്നും ആരംഭിക്കുന്ന സൈക്കിൾ റൂട്ട് ഏറ്റുമാനൂർ, പാല, നീലൂർ, മുട്ടം വഴി കുളമാവ് ഇടുക്കി ഡാമുകളെ പിന്നിട്ട് കട്ടപ്പനയിലൂടെയാണ് തേക്കടിയിൽ എത്തിച്ചേരുന്നത്. മഴക്കാടുകളാൽ സമ്പന്നമായ തേക്കടി എത്തും വരെയുള്ള ഈ റൂട്ട് പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്നതാണ്. ഗതാഗത തിരക്ക് കുറവുള്ള ഈ വഴിയിലൂടെയുള്ള സൈക്കിൾ സവാരി ലക്ഷ്യത്തേക്കാൾ മനംകുളിർപ്പിക്കുന്ന ഒരു യാത്രയാണ് സമ്മാനിക്കുന്നത്.
അഞ്ചാമത് ടൂർ ഓഫ് തേക്കടി പല പ്രത്യേകതകൾ കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
ആദ്യമായാണ് ഔദ്യോഗികമായി ടൈംഡ് ഇവൻ്റ് കാറ്റഗറിയിൽ ഒരു സൈക്കിൾ മത്സരം കേരളത്തിൽ നടത്തുന്നത്
കാൽവരി മൗണ്ട് റോഡ് ഏറ്റവും കുറഞ്ഞ സമയത്തിൽ കയറുന്നവർക്കായി “കിങ് & ക്വീൻ ഓഫ് കാൽവരി” എന്ന റ്റൈറ്റിൽ നൽകുന്നു
എല്ലാ കാറ്റഗറിയിലേയും വിജയികൾക്ക് “വിന്നർ ജെഴ്സി” നൽകും
ഓരോ കാറ്റഗറിയിലും ആദ്യ ആറ് സ്ഥാനങ്ങളിൽ വരുന്നവർക്ക് സ്പിന്നീസ് ദുബായ് 92 സൈക്ലിങ് ചലഞ്ച് 2027 ൽ മത്സര ഫീസ് ഇല്ലാതെ പങ്കെടുക്കാം
ലോകത്തിൻ്റെ വിവിധകോണുകളിൽ നിന്നുള്ള സൈക്ലിസ്റ്റുകളെ ആകർഷിക്കുവാൻ കഴിയുന്ന ലോകോത്തര നിലവാരത്തിൽ ഉള്ള ഒരു ഇവൻ്റ് ആയി ടൂർ ഓഫ് തേക്കടിയെ മാറ്റിയെടുക്കുക എന്നതാണ് സംഘാടകരുടെ ലക്ഷ്യം. അല്പം സാഹസികത ഇഷ്ടപ്പെടുന്നവർക്കുള്ള ഒരു റൂട്ട് ആണ് ഈ മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നതെങ്കിലും ഇത് ശാരീരിക ക്ഷമതയുടെ മാത്രം അരങ്ങല്ല. കേരളത്തിൻ്റെ സംസ്കാരവും സൗന്ദര്യവും ഒരു സൈക്കിൾ സവാരിയിൽ ആസ്വദിക്കാൻ ഉള്ള അവസരം കൂടിയാണ്.
മത്സരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് …..
+91 815 100 6009
രജിസ്ട്രേഷൻ ഫെബ്രുവരി 15-ന് അവസാനിക്കും.









































































