ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ വിസ തട്ടിപ്പ് കേസുകളിലെ പ്രതി പോലീസിൻ്റെ പിടിയിൽ

തിരുവനന്തപുരം, കുടപ്പനക്കുന്ന്, നാലാഞ്ചിറ സ്വദേശിയായ ദേവപ്രസാദാണ് പോലീസിൻ്റെ പിടിയിലായത്.
2012 ൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 7 വിസ തട്ടിപ്പ് കേസുകളിലെ പ്രതിയായ ഇയാൾ വിദേശത്ത് ജോലിക്കായി വിസ നൽകാമെന്ന് പറഞ്ഞ് നിരവധി ഉദ്യോഗാർത്ഥികളുടെ കയ്യിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടി യെടുക്കുകയായിരുന്നു. 2012 ൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഇയാൾ തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞ് ഒരു കമ്പനിയിൽ ജോലി ചെയ്തുവരികയുമായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ LP സ്‌ക്വാഡ് (പിടികിട്ടാപുള്ളികളെ കണ്ടുപിടിക്കുന്ന അംഗങ്ങൾ) കുറച്ചു മാസങ്ങളായി ഇയാളെ നിരീക്ഷിച്ച് വന്നതിൻ്റെ അടിസ്ഥാനത്തിൽ ഇയാൾ ജോലി ചെയ്തിരുന്ന കമ്പനിയുടെ ആലപ്പുഴ ജില്ലയിലെ, അരൂർ ബ്രാഞ്ചിൽ വന്ന സമയത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കട്ടപ്പന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്ത് പീരുമേട് സബ്ജയിലിലേക്കയച്ചു.
എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലും ഇയാളുടെ പേരിൽ സമാനമായ കേസുകൾ നിലവിലുണ്ട്.









































































