ഇറാൻ-ഇസ്രയേൽ സംഘർഷം: മോഹൻലാൽ-മമ്മൂട്ടി സിനിമകൾക്കും പണികിട്ടുമോ?; മലയാള സിനിമകളുടെ ഗൾഫ് റിലീസിൽ ആശങ്ക

കേരളത്തിലെന്ന പോലെ മലയാള സിനിമകൾക്ക് നിരവധി പ്രേക്ഷകരുള്ള ഇടമാണ് ജിസിസി രാജ്യങ്ങൾ. മലയാള സിനിമയുടെ റെവന്യൂവിൽ ഗൾഫ് രാജ്യങ്ങൾക്കും വലിയ പങ്കുണ്ട്. അതുകൊണ്ട് തന്നെ വലുതും ചെറുതുമായ ഒരുപിടി മലയാള സിനിമകൾ വെക്കേഷന് റിലീസിനെത്തുമ്പോൾ പ്രതീക്ഷകളും ചെറുതല്ല. എന്നാൽ നിലവിലെ സാഹചര്യങ്ങൾ മലയാള സിനിമയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് സിനിമാലോകം. ഇസ്രയേൽ – ഇറാൻ സംഘർഷം സാധാരണ ജനജീവിതത്തെ എന്ന പോലെ സിനിമാ മേഖലയെയും ബാധിച്ചിരിക്കുകയാണ്. ഈദ് റിലീസായി എത്തേണ്ടിയിരുന്ന മലയാള സിനിമകൾ ഉൾപ്പെടെ പ്രതിസന്ധി നേരിട്ടിരിക്കുകയാണ്. വലിയ നഷ്ടം നേരിടുമെന്ന ആശങ്കയിലാണ് നിർമാതാക്കൾ ഇപ്പോൾ.
മൂന്ന് സിനിമകളുടെ വമ്പൻ ക്ലാഷോടെയാണ് ഇത്തവണത്തെ വെക്കേഷൻ ക്ലാഷ് ആരംഭിക്കുന്നത്. മലയാളത്തിൽ നിന്ന് ആട് 3, ബോളിവുഡിൽ നിന്ന് ധുരന്ദർ, പാൻ ഇന്ത്യൻ ചിത്രം ടോക്സിക് എന്നിവയാണ് മാർച്ച് 19 ന് പുറത്തിറങ്ങാനിരിക്കുന്നത്. ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ആട് 3 ഒരു ബിഗ് ബജറ്റ് ടൈം ട്രാവൽ എന്റർടൈനർ ആയിട്ടാണ് ഒരുങ്ങുന്നത്. മലയാളികൾക്ക് ഏറെ പ്രിയങ്കരരായ ഷാജി പാപ്പാനും കൂട്ടരും മൂന്നാം തവണ എത്തുമ്പോൾ പ്രതീക്ഷകളും വലുതാണ്. ഹൈപ്പിന്റെ കാര്യത്തിൽ ഒട്ടും കുറവില്ലതിനാൽ കളക്ഷനിലും ഒരു മാജിക് ഉണ്ടാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ നിലവിലെ സാഹചര്യം സിനിമയുടെ റിലീസിനെ പ്രതിസന്ധിയിലാക്കുമോ എന്നാണ് കണ്ടറിയേണ്ടത്. രൺവീർ സിങ് നായകനായ ധുരന്ദർ 1000 കോടി നേടി റെക്കോർഡ് വിജയമാണ് സ്വന്തമാക്കിയത്. അതിനാൽ തന്നെ രണ്ടാം ഭാഗത്തിന് കാത്തിരിക്കുന്നവരും ഏറെയാണ്.
എന്നാൽ ധുരന്ദർ ആദ്യ ഭാഗത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് ചിത്രത്തിന് പ്രദർശനവിലക്ക് ഏർപ്പെടുത്തിയിരുന്നത്. ചിത്രത്തിലെ പാകിസ്‌താൻ വിരുദ്ധ പരാമർശനത്തിനെ തുടർന്നാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയത്. സിനിമയുടെ രണ്ടാം ഭാഗത്തിനും നിലവിൽ ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തുമോ എന്ന കാര്യത്തിൽ ഇതുവരെ റിപ്പോർട്ടുകൾ ഒന്നുമില്ല. രണ്ടാം ഭാഗത്തിനും വിലക്ക് തുടരുകയാണെങ്കിൽ ഗൾഫ് രാജ്യങ്ങളിൽ ഒഴികെ ചിത്രം പറഞ്ഞ ഡേറ്റിൽ തന്നെ പുറത്തിറങ്ങും.
ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യഷ് നായകനായി എത്തുന്ന ടോക്സിക് വലിയ പ്രതീക്ഷകളുമായി എത്തുന്ന സിനിമയാണ്. വമ്പൻ ബജറ്റിലെത്തുന്ന സിനിമയുടെ റിലീസും നിലവിലെ യുദ്ധ സാഹചര്യങ്ങൾ കാരണം താളംതെറ്റുമോ എന്ന സംശയത്തിലാണ്. ഇതിനു പുറമെ ഒരുപിടി മലയാള സിനിമകൾ ആണ് റിലീസിന് ഒരുങ്ങുന്നത്. നിവിൻ പോളിയുടെ പ്രതിച്ഛായ, മമ്മൂട്ടി- മോഹൻലാൽ ടീം ഒന്നിക്കുന്ന പേട്രിയറ്റ്, മോഹൻലാലിന്റെ ദൃശ്യം 3, ടൊവിനോ തോമസ് നായകനാകുന്ന പള്ളിച്ചട്ടമ്പി എന്നീ ചിത്രങ്ങളുടെ ഗൾഫ് റിലീസാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. യുദ്ധം തുടർന്നാൽ ഈ ചിത്രങ്ങളുടെ ജിസിസി റിലീസ് പ്രശ്നം നേരിടുമെന്നാണ് റിപ്പോർട്ട്. റിലീസ് മാറ്റിവെക്കുകയാണെങ്കിൽ അത് ഈ സിനിമകളുടെ കളക്ഷനുകളെയും സാരമായി ബാധിക്കുമെന്നത് ഉറപ്പാണ്.









































































