കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏക ദിന ഏകാരോഗ്യ ശിൽപശാല സംഘടിപ്പിച്ചു

കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലബ്ബക്കട ഹൈറേഞ്ച് വില്ലാസ് റിസോർട്ടിൽ വെച്ച് ഏക ദിന ഏകാരോഗ്യ ശിൽപശാല സംഘടിപ്പിച്ചു.
സർവ്വ സസ്യ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഭൂമി. സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും, മനുഷ്യരുടെയും ആരോഗ്യം കോർത്തിണക്കി ഭൂമിയുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഏകാരോഗ്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഭൂമിയിലെ സർവജീവജാലങ്ങളും ആരോഗ്യത്തോടെ ജീവിക്കുകയും അടുത്ത തലമുറക്ക് ആരോഗ്യമുള്ള ഭൂമി കൈമാറുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സഭയുടെയും ലോകരോഗ്യ സംഘടനയുടെയും നിർദേശാനുസരണമാണ് ഏകലോകം ഏകാരോഗ്യം പദ്ധതി ലോകത്ത് നടപ്പിലാക്കി വരുന്നത്.
ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ പമ്പാ നദിതട തീര ജില്ലകളായ ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഏകാരോഗ്യം നടപ്പിലാക്കിവരുന്നത്.ആരോഗ്യമുള്ള കാഞ്ചിയാർ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ലബ്ബക്കട ഹൈറേഞ്ച് വില്ലാസ് റിസോർട്ടിൽ വെച്ച് ഏകാരോഗ്യ ശില്പശാല, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജെയ്‌മോൻ അഴകൻപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂർ ഉദ്ഘാടനം നിർവഹിച്ചു. കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ലത ഡി വിഷയാവതരണം നടത്തി. മെഡിക്കൽ ഓഫീസിൽ ഡോ. അമൽ ജോ, ഡോ. ശരത് എന്നിവർ zoonotic & AMR(ജന്തു ജന്യ രോഗങ്ങൾ, ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം) എന്നീ വിഷയത്തെപ്പറ്റി ക്ലാസുകൾ നയിച്ചു.
ഫുഡ് ഇൻസ്‌പെക്ടർ ഷൈജു കെ രാമനാഥ് ഭക്ഷ്യ സുരക്ഷ എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോമോൻ തെക്കേൽ,റോയ് എവെറസ്റ്റ്, പഞ്ചായത്ത് മെമ്പർമാരായ ബിന്ദു മധുക്കുട്ടൻ, തങ്കമണി സുരേന്ദ്രൻ, ജെയിംസ് മാത്യു, ഷിൽബി അഗസ്റ്റിൻ, ഷീബ ജോസഫ്, ജോസഫ് വർഗീസ്, ആലിസ് സെൻ, വിവിധ ഡിപ്പാർട്മെന്റുകൾ, ആരോഗ്യ പ്രവർത്തകർ, എന്നിവർ പങ്കെടുത്തു, തുടർന്ന് നടന്ന ചർച്ചയിൽ ഒരു വർഷത്തേക്കുള്ള ഏകാരോഗ്യ പദ്ധതി കാഞ്ചിയാർ പഞ്ചായത്ത് പ്ലാൻ ചെയ്തു. മുഴുവൻ മേഘലയിലും രോഗപ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തുന്നതിനും, വാർഡ് തലത്തിൽ പ്രവർത്തനം ശാക്തീകരിക്കുന്നതിനും തീരുമാനിച്ചു. മീറ്റിംഗിന് അനീഷ് ജോസഫ്, വിജിത വി എസ്, നിഖിത പി സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.













































































