ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസ് ഉദ്ഘാടനം 31ന്

എല്ലാ ജില്ലകളിലും കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ (കെഎസ്എച്ച്പിഡബ്ല്യൂസി) ഓഫീസുകള്‍ ആരംഭിക്കുക എന്ന നയത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ പുതുതായി അനുവദിച്ച ജില്ലാ ഓഫീസ് ജനുവരി 31ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് ഇടുക്കിയിലെ ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം നിര്‍വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ഷീല സ്റ്റീഫന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലയിലെ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഭിന്നശേഷി സംഘടനാ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും.
ഇടുക്കി ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലാണ് ഓഫീസ് തുറക്കുന്നത്. ജില്ലയിലെ ഭിന്നശേഷി സമൂഹത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഗണിച്ചാണ് ജില്ലാ ഓഫീസ് അനുവദിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. വായ്പാ പദ്ധതികള്‍, സ്വയംതൊഴില്‍ സഹായങ്ങള്‍, വിദ്യാഭ്യാസ സഹായങ്ങള്‍, ഉപകരണ വിതരണമുള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ മറ്റ് ക്ഷേമ പദ്ധതികള്‍ തുടങ്ങിയവ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാന്‍ പുതിയ ഓഫീസ് സഹായകമാകും.









































































