മകൻ വീട്ടുപകരണങ്ങളും ടിവിയും അടിച്ചു തകർത്തു, നന്നാക്കിത്തരാൻ ഇടപെടണം; പൊലീസിൽ പരാതിയുമായി അമ്മ
നെടുങ്കണ്ടം ∙ കമ്പംമെട്ട് പൊലീസ് സ്റ്റേഷനിൽ ഇന്നലെ ഒരമ്മ പരാതിയുമായെത്തി. മകൻ വീട്ടുപകരണങ്ങളും ടിവിയും അടിച്ചു തകർത്തു. അതു നന്നാക്കിത്തരാൻ ഇടപെടണം. കുഴിത്തൊളുവിലുള്ള 65 വയസ്സുള്ള വീട്ടമ്മയാണ് പരാതി നൽകിയത്. ഭർത്താവ് വർഷങ്ങൾക്കു മുൻപു മരിച്ചു. മകനും മകളുമുണ്ട്. മൺകട്ട കൊണ്ടു കെട്ടിയ വീടാണ്. കൂലിപ്പണി ചെയ്താണ് കഴിഞ്ഞുകൂടുന്നത്. കഴിഞ്ഞ ദിവസം രാത്രി മകൻ മദ്യപിച്ചെത്തി സ്വത്തിനെച്ചൊല്ലി വഴക്കിട്ടു. അമ്മയെ മർദിക്കുകയും വീട്ടിലെ ടിവിയും മറ്റും തകർക്കുകയും ചെയ്തെന്നാണ് പരാതി.
വീടുവയ്ക്കാൻ 2 തവണ പഞ്ചായത്തിൽ നിന്നു പണം അനുവദിച്ചെങ്കിലും മകൻ സമ്മതിക്കുന്നില്ലെന്നും അമ്മ പറയുന്നു. തന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടശേഷം സ്വത്ത് കൈക്കലാക്കാനാണ് ശ്രമമെന്നാണ് ആ അമ്മയുടെ പേടി. പൊലീസ് അന്വേഷണം തുടങ്ങി. മുൻപൊരിക്കൽ വഴക്കിട്ടപ്പോൾ മകൻ വെള്ളം പമ്പ് ചെയ്യുന്ന മോട്ടർ നശിപ്പിച്ചെന്ന് അമ്മ പരാതി നൽകിയിരുന്നു. അന്ന് പൊലീസ് വിളിച്ചു താക്കീത് നൽകിയതുമാണ്.