അസുഖ ബാധിതനായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത് കിലോമീറ്ററുകളോളം ചുമന്ന്; ഇടമലക്കുടിയിൽ പനി ബാധിച്ച് 5 വയസുകാരൻ മരിച്ചു

കടുത്ത പനിയും വയറിളക്കവും ബാധിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു. ഇടുക്കി ഇടമലക്കുടിയിലാണ് സംഭവം കൂടല്ലാർകുടി സെറ്റിൽമെന്റിൽ മൂർത്തിയുടെയും ഉഷയുടെയും മകൻ കാർത്തിക് ആണ് മരിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത പനിയും വയറിളക്കവും ബാധിച്ച് അവശനായ കുട്ടിയെ മഞ്ചലിൽ ചുമന്നു കൊണ്ടാണ് ആനക്കുളത്തെത്തിച്ചത്. തുടർന്ന് ആനക്കുളത്തുനിന്നു വാഹനത്തിൽ ശനിയാഴ്ച വൈകിട്ടോടെ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദമ്പതികളുടെ നാലു മക്കളിൽ മൂന്നാമനാണ് കാർത്തിക്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
മഴ പെയ്തതിനു പിന്നാലെ റോഡ് ഗതാഗതയോഗ്യമല്ലാതായെന്ന് നാട്ടുകാർ പറഞ്ഞു. ഇടമലക്കുടിയിലേക്ക് വാഹനം സഞ്ചരിക്കാൻ കഴിയുന്ന വഴിസൗകര്യമില്ലാത്തതിനാൽ 13 കിലോമീറ്റർ ചുമന്നാണ് കുട്ടിയുടെ മൃതദേഹം സംസ്കരിക്കാനായി കൂടല്ലാർകുടിയിലേക്ക് എത്തിച്ചത്









































































