എയ്ഡഡ് സ്കൂൾ നിയമനങ്ങളിലെ വിവേചനത്തിനെതിരെ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം

എയ്ഡഡ് സ്കൂൾ നിയമനങ്ങളിലെ വിവേചനത്തിനെതിരെ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം.
ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാർ നിലപാട് വിവേചനപരമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കാഞ്ഞിരപ്പള്ളി രൂപത സമിതി. അനേക വർഷങ്ങളായി നിയമനാംഗീകാരം പ്രതീക്ഷിച്ച് കഴിയുന്ന ആയിരക്കണക്കിന് എയ്ഡഡ് സ്കൂൾ അധ്യാപകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിടുന്ന ജൂലൈ 30 ന് പുറത്തിറക്കിയ സർക്കാർ ഉത്തരവ് അപാകതകൾ നിറഞ്ഞതും നിലവിലെ സാമൂഹിക യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാത്തതുമാണ്.
കോടതി വിധിയെ തുടർന്ന് എൻ.എസ്.എസ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലുള്ള മുഴുവൻ നിയമനങ്ങൾക്കും അംഗീകാരം നൽകാൻ തയ്യാറായ സർക്കാർ മറ്റു മാനേജ്മെന്റുകളോട് കടുത്ത വിവേചനമാണ് കാണിക്കുന്നത്.
2018 മുതൽ 2021 വരെയുള്ള നിയമനങ്ങൾ താത്ക്കാലിക അടിസ്ഥാനത്തിലും 2021 നു ശേഷമുള്ള നിയമനങ്ങൾ ദിവസ വേതനാടിസ്ഥാനത്തിലും നടത്തണമെന്ന നിലവിലെ വ്യവസ്ഥ മറികടക്കുന്നതിന് 16000 ത്തോളം അധ്യാപകർ കോടതിയെ ആശ്രയിക്കണമന്ന് ഉപദേശിക്കുന്ന മന്ത്രിമാർ ഇക്കാര്യത്തിലുള്ള സർക്കാർ നയം വ്യക്തമാക്കണം.
ഇത്തരത്തിൽ എയ്ഡഡ് അധ്യാപക നിയമനങ്ങൾ എല്ലാം ദിവസ വേതന അടിസ്ഥാനത്തിൽ നടത്തണമെന്ന് പറയുന്ന സർക്കാർ തീരുമാനം പൊതു വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകർക്കുന്നു. ശമ്പളമില്ലാത്തതു മൂലം അനേകം അധ്യാപകർ കടുത്ത സാമ്പത്തിക ബുദ്ധി മുട്ടിലൂടെ കടന്നു പോകുന്നു. അധ്യാപകർ സ്വകാര്യ ട്യൂഷൻ പോലെയുള്ള മറ്റ് ജോലികൾ ചെയ്യരുത് എന്ന ഉത്തരവ് നിലവിലുള്ളതിനാൽ ജീവിതം വഴിമുട്ടിയ അവസ്ഥ നിലനിൽക്കുന്നു.
നിയമനാംഗീകാരം ലഭിക്കുന്നത് അനന്തമായി നീണ്ടു പോയതിന്റെ ഫലമായി രണ്ടു പേർ ആത്മഹത്യ ചെയ്തു. കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ക്രിസ്ത്യൻ എയ്ഡഡ് സ്ഥാപനങ്ങളോട് കടുത്ത അവഗണന കാണിക്കുന്ന സർക്കാർ ചില മാനേജ്മെന്റുകൾക് പ്രത്യേകം പരിഗണന നൽകി നിയമന അംഗീകാരം നൽകുന്നു. ഇതിൽ പ്രതിഷേധിച്ചു കൊണ്ട് കാഞ്ഞിരപ്പള്ളി, പാല, ചങ്ങനശേരി, കോട്ടയം, വിജയപുരം രൂപതകൾ കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് മാസം 23ന് കോട്ടയത്ത് വമ്പിച്ച പ്രതിഷേധ സമരം നടത്തുമെന്നും ടീച്ചേഴ്സ് ഗിൽഡ് രൂപത സമിതി അറിയിച്ചു.
പ്രതിഷേധ യോഗം വികാരി ജനറൽ വെരി.റവ. ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ. ഡൊമിനിക് അയലൂപറമ്പിൽ, ടീച്ചേഴ്സ് ഗിൽഡ് രൂപത ഡയറക്ടർ റവ.ഫാ.എബ്രഹാം കൊച്ചു വീട്ടിൽ, കോർപ്പറേറ്റ് സെക്രട്ടറി കെ.ജെ ജോൺ കുന്നേലെ മുറിയിൽ, ടീച്ചേഴ്സ് ഗിൽഡ് രൂപത പ്രസിഡന്റ് വിൻസെന്റ് ജോർജ്, രൂപത സെക്രട്ടറി സിറിയക് മാത്യു, എക്സിക്യൂട്ടിവ് അംഗങ്ങളായ റോബി കെ തോമസ്, ഷെറിൻ മേരി ജോൺ എന്നിവർ പ്രസംഗിച്ചു.









































































