വിഷൻ പ്ലസ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന വിഷൻ പ്ലസ് പദ്ധതിയിലേയ്ക്ക് പട്ടികജാതി വിഭാഗം വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു/വി.എച്ച്.എസ്.സി. പഠനത്തിന് ശേഷം മെഡിക്കൽ/എഞ്ചിനീയറിങ് കോഴ്സുകള്‍ക്ക് അഡ്മിഷന്‍ ലഭിക്കാത്തതും സർക്കാർ ഉത്തരവ് പ്രകാരം തെരഞ്ഞെടുത്തിട്ടുള്ള സ്ഥാപനങ്ങളില്‍ പഠനം നടത്തുന്നതുമായ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഒരു വർഷത്തെ പരിശീലനത്തിനായി 54,000 രൂപ അനുവദിക്കുന്നതാണ് വിഷൻ പ്ലസ് പദ്ധതി. ആഗസ്റ്റ് 31 വൈകിട്ട് 5 മണി വരെ അപേക്ഷ സമർപ്പിക്കാം. സ്റ്റേറ്റ് സിലബസുകളിൽ ഒരു വർഷത്തെ മെഡിക്കൽ എൻട്രൻസ് പരിശീലനത്തിന് ചേരുന്നതിന് പ്ലസ്ടു/വി എച്ച് എസ് സി ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ ബി പ്ലസ് കുറയാത്ത ഗ്രേഡും, എഞ്ചിനീയറിങ് എൻട്രൻസ് പരിശീലനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡും വാങ്ങി പാസാകുന്ന വിദ്യാർഥികൾക്കും , പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ എ2 ഗ്രേഡിൽ കുറയാത്ത മാർക്കുള്ള സിബിഎസ്ഇ വിദ്യാർഥികൾക്കും. എ ഗ്രേഡ് മാർക്കുള്ള ഐ സി എസ് ഇ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല. അപേക്ഷകൾ ആഗസ്റ്റ് 1 മുതൽ 31 വരെ ജില്ലാ പട്ടികജാതി വികസന ആഫീസില്‍ സ്വീകരിക്കും.അപേക്ഷാ ഫോറം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും.









































































