സഭാ നേതൃത്വങ്ങളുടെ നിലപാടിനെ പരിഹസിച്ച് മന്ത്രി വി.ശിവൻകുട്ടി

സംഘപരിവാർ ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കു നേരെ നിരന്തരം ആക്രമണങ്ങൾ നടത്തുമ്പോഴും മിണ്ടാതിരിക്കുന്ന കേരളത്തിലെ സഭാ നേതൃത്വങ്ങളുടെ നിലപാടിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് മന്ത്രി ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ബിജെപിയുടെ മനസിലിരുപ്പ് തിരുമേനിമാർക്ക് ബോധ്യപ്പെടണ്ടേ?
തിരുമേനിമാർക്ക് പ്രധാനമന്ത്രി മോദിയോട് പരാതിപ്പെടാൻ ധൈര്യമില്ലേ? തിരുമേനിമാർ ആരും പ്രതിഷേധിച്ചുപോലും കണ്ടില്ല എന്നായിരുന്നു മന്ത്രിയുടെ വിമർശനം. പാവപ്പെട്ട ക്രിസ്ത്യാനികൾ അനുഭവിക്കട്ടെ എന്നാകും ചില ബിഷപ്പുമാരുടെ നിലപാട്. സഭാ മേലധ്യക്ഷൻമാർക്ക് അവരുടെ സ്ഥാനങ്ങൾ ഉറപ്പിക്കാനാണ് ശ്രദ്ധയെന്നും മന്ത്രി പറഞ്ഞു. അറസ്റ്റിലായ കന്യാസ്ത്രീകൾ അംഗമായ സിറോ മലബാർ സഭ ഇതുവരെ ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉന്നയിച്ചിട്ടില്ല. പേരിന് ഒരു പ്രസ്താവനയിൽ പ്രതികരണം അവസാനിപ്പിച്ചിരിക്കുകയാണ്













































































