കട്ടപ്പനയിൽ അശോക ലോട്ടറി കടയിൽ മോഷണം നടത്തിയ പ്രതിയെ കട്ടപ്പന പോലീസ് പിടികൂടി

കൂട്ടാർ ചേലമൂട് സ്വദേശിയായ ചരുവിളപുത്തൻവീട്ടിൽ ഷാജി (ആക്രി ഷാജി – 50) ആണ് പോലീസ് പിടികൂടിയത്
ജൂൺ 30 ന് അർദ്ധരാത്രിയിൽ കട്ടപ്പനയിലെ അശോക ലോട്ടറിയിൽ പ്രതി മോഷണം നടത്തിയത്. ഒരു ലക്ഷം രൂപയും മുന്നര ലക്ഷം രൂപയുടെ ലോട്ടറിയും നഷ്ടപ്പെട്ടതായി പറയുന്നു. മോഷണത്തിന് ശേഷം ഷാജി ഒരു ഓട്ടോറിക്ഷ പിടിച്ച് നെടുങ്കണ്ടത്തെയും അവിടുന്ന് മറ്റൊരു ഓട്ടോയിൽ സ്വദേശമായ കൂട്ടാറ്റിലെ വീട്ടിൽ എത്തുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻ്റെ നിർദ്ദേശപ്രകാരം കട്ടപ്പന പോലീസ് സിസിടിവിയിലെ ദൃശ്യത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നെടുങ്കണ്ടത്ത് എത്തിച്ച ഓട്ടോറിക്ഷക്കാരനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നെടുങ്കണ്ടത്ത് എത്തിയ പോലീസ് നെടുങ്കണ്ടത്ത് നിന്നും പ്രതി കയറിയ ഓട്ടോറിക്ഷ കണ്ടെത്തുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറുടെ സഹായത്തോടെ പ്രതിയുടെ വീട്ടിൽ എത്തിയ പോലീസ് ഷാജിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
നെടുങ്കണ്ടം, കട്ടപ്പന പോലീസ് സ്റ്റേഷനുകളിൽ നിലവിൽ മോഷണ കേസുകൾ ഉള്ളതായാണ് അറിവ് ‘









































































