ഹരിത എം.എൽ.എ, വി.ഡി സതീശന് മലയോര ജനതയോട് മാപ്പു പറയണം; സി.പി.ഐ.എം
ചെറുതോണി:നാടക യാത്രയുമായി ഇറങ്ങി തിരിച്ചിട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഇടുക്കിയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് സി.പി.ഐ .എം ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. വന്യജീവികള്‍ക്ക് സഞ്ചരിക്കാന്‍ ഇടം കൊടുക്കണമെന്നും ഇടുക്കിക്കാര് കൈയ്യേറ്റക്കാരാണെന്നും, പശ്ചിമഘട്ടം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഹരിത എം എല്‍ എ മാര്‍ എന്ന പേരില്‍ ഒരു കുറുമുന്നണിയുണ്ടാക്കി നിയമസഭയ്ക്ക് അകത്ത് മലയോര ജനതയ്ക്ക് ഏതിരായ പോരാട്ടത്തിന് നേതൃത്വം നല്കിയ വി ഡി സതീശന്റെ തട്ടിപ്പ് യാത്ര ജനങ്ങള്‍ പുച്ഛിച്ച് തള്ളുമെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ജയറാം രമേശിന്റെയും, കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിന്റെ മറവില്‍ കാര്‍ബണ്‍ ഫണ്ട് ലക്ഷ്യമാക്കി മലയോര ജനതയെ നിര്‍ബന്ധിത കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന ഗാഡ്ഗില്‍ -കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി വന്നപ്പോള്‍ കപട പരിസ്ഥിതി വാദികളോടൊപ്പം നിന്ന് കുടിയേറ്റ കര്‍ഷകന്റെ നെഞ്ചില്‍ ചവിട്ടി നൃത്തം ചെയ്തവരാണ് സതീശന്റെ നേതൃത്വത്തിലുള്ള ഹരിത എം എല്‍ എ മാര്‍. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ വന്ന ഘട്ടത്തില്‍ മലയോര കര്‍ഷകര്‍ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിന്നപ്പോള്‍ പിന്നില്‍ നിന്ന് കുത്തി ഇടുക്കിക്കാരെ കൈയ്യേറ്റക്കാരെന്ന് ചാപ്പ കുത്തിയവരുടെ ഇപ്പോഴത്തെ നാടകയാത്ര ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. മൂന്നാര്‍ ഉള്‍പ്പടെയുള്ള ഇടുക്കിയുടെ വിവിധ മേഖലകളില്‍ നിര്‍മ്മാണ നിയന്ത്രണം വേണമെന്നാവശ്യപ്പെട്ടതും വി ഡി സതീശനും ടി എം പ്രതാപനും ഹൈബി ഈഡനും ഉള്‍പ്പടെയുള്ള നഗര കേന്ദ്രീകൃത എം എല്‍ എ മാരുടെ ഒരു കുറുമുന്നണിയായിരുന്നു. ഇടുക്കി വെള്ളാപ്പാറ ഫോറസ്റ്റ് ഐബിയില്‍ സതീശന്റെ നേതൃത്വത്തിലുള്ള നിയമസഭാ സമിതി യോഗം ചേര്‍ന്ന് ബഫര്‍ സോണ്‍ വിസ്തീര്‍ണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തത് ഇടുക്കിയിലെ ജനങ്ങള്‍ മറന്നിട്ടില്ല. ഗാഡ്ഗില്‍ സമരകാലത്ത് കര്‍ഷകരോടൊപ്പം നിന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിനെ തൊടുപുഴയില്‍ വി ഡി സതീശന് പുലഭ്യം പറഞ്ഞതും മലയോര കര്‍ഷകര്‍ മറന്നൂ എന്ന് കരുതരുത്. ഇത്തരത്തില്‍ കുടിയേറ്റ കര്‍ഷകന്റെ ജീവിതത്തെ അവഹേളിച്ചും വെല്ലുവിളിച്ചും പരിസ്ഥിതി സഘടനകളുമായി ഒത്തുകളിച്ച സതീശന്റെ നാടകയാത്ര ഇടുക്കിയുടെ മണ്ണില്‍ കണ്ണുനീര് യാത്രയായി മാറുമെന്നും സി പി ഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു.