തൊടുപുഴയിൽ കേന്ദ്രീയ വിദ്യാലയം : കേന്ദ്ര സർക്കാർ അനുമതി നൽകിയതായി ഡീൻ കുര്യാക്കോസ് എംപി
തൊടുപുഴയിൽ പുതിയ കേന്ദ്രീയ വിദ്യാലയത്തിന് കേന്ദ്ര സർക്കാർ കാബിനറ്റ് തീരുമാനം നൽകിയതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. കേന്ദ്ര സർക്കാർ അനുവദിച്ച 85 വിദ്യാലയങ്ങളിൽ കേരത്തിലെ ഏക കേന്ദ്രീയ വിദ്യാലയം തൊടുപുഴയിലാണ്.
തൊടുപുഴ മ്രാലയിൽ ആണ് പുതിയ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നത്. ഇവിടെ 8 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പുതിയ കെട്ടിടം നിർമ്മാണം പൂർത്തീകരിക്കുന്നത് വരെ താൽക്കാലിക സംവിധാനത്തിലായിരിക്കും തുടക്കത്തിൽ പ്രവർത്തിക്കുന്നത്.
ഇതിനായി തൊടുപുഴ വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ അധിക ക്ലാസ് മുറികളും മറ്റു താത്കാലിക സൗകര്യങ്ങളും സജ്ജികരിക്കും. 3 അധിക ക്ലാസ് മുറികൾ, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം ശുചിമുറികൾ, ക്ലാസ് മുറികളെ വേർതിരിക്കുന്ന താൽക്കാലിക സംവിധാനങ്ങളും ഒരുക്കും.
ഇവിടെ കേന്ദ്രീയ വിദ്യാലയ സംഘതൻ മാനദണ്ഡ പ്രകാരം അഗ്നി സുരക്ഷ സജ്ജികരണങ്ങളും ഒരുക്കേണ്ടി വരും.
മ്രാലയിലെ നിർദ്ദിഷ്ട സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുൻപുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള നടപടികൾ കൈക്കൊള്ളും. രാജ്യാന്തര നിലവാരത്തിൽ ആധുനിക സൗകര്യങ്ങളോടെയാകും മ്രാലയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
2022ലാണ് തൊടുപുഴയിൽ കേന്ദ്രീയ വിദ്യാലയത്തിനായി ശ്രമം തുടങ്ങിയത്. ചലഞ്ച് മെത്തേഡ് പോളിസിയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്ര സർക്കാർ വിദ്യാലയം അനുവദിച്ചത്.
പദ്ധതിക്കായി ആദ്യമേ തന്നെ സ്ഥലം കണ്ടെത്തി നൽകണം. പദ്ധതി അനുവദിച്ചു കഴിഞ്ഞാൽ താൽക്കാലിക സംവിധാനവും ഒരുക്കണം. ഇത്തരം നിബന്ധനകൾ പാലിച്ചാണ് പദ്ധതിക്ക് അനുമതി നേടിയെടുത്തത്.
തൊടുപുഴ സ്കൂളിൽ താൽക്കാലിക സൗകര്യങ്ങൾ ഒരുക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയും ഇതിനിടെ ലഭ്യമാക്കി.
കേന്ദ്രീയ വിദ്യാലയം സംഘതൻ ഉദ്യോഗസ്ഥർ പദ്ധതി പ്രദേശം സന്ദർശിക്കുകയും താൽക്കാലിക സ്കൂൾ കെട്ടിടത്തിന് അനുമതി നൽകുകയും ചെയ്തു. വിദ്യാലയം അനുവദിക്കപ്പെട്ടാൽ ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങളും എംപി എന്ന നിലയിൽ കേന്ദ്രീയ വിദ്യാലയം സംഘതനെ ബോധ്യപ്പെടുത്തി.
എല്ലാവരുടെയും കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണ് പദ്ധതി അനുവദിക്കപ്പെട്ടതെന്ന് എംപി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് പ്രത്യേകം നന്ദി അറിയിക്കുന്നു.പി.ജെ ജോസഫ് എംഎൽഎയും , മലങ്കര എസ്റ്റേറ്റ് മാനേജ്മെന്റും പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് പൂർണ്ണ പിന്തുണ നൽകി. ജില്ല കളക്ടർമാരും മറ്റു റവന്യു ഉദ്യോഗസ്ഥരും പദ്ധതി യഥാർഥ്യമാകുന്നതിനായി ഏറെ പരിശ്രമിച്ചെന്നും എംപി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ശ്രീ സജ്ഞയ്കുമാർ IAS, കേന്ദ്രിയ വിദ്യാലയം സംഘടൻകമ്മീഷണർ ഉൾപ്പടെ ഉദ്യോഗസ്ഥർ, കേരളത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെ ഉദ്യോഗസ്ഥർ,സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി. ശിവൻകുട്ടി, പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷ് IAS, ഡയറക്ടറായിരുന്ന ജീവൻ ബാബു IAS എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നു.
ഇടുക്കിയിൽ പൈനാവിനു പുറമെ രണ്ടാം കേന്ദ്രീയ വിദ്യാലയം അനുവദിക്കപ്പെടുമ്പോൾ പ്രത്യേകിച്ച് തൊടുപുഴ മേഖലയിൽ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഉയർന്ന രീതിയിൽ പഠനത്തിനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംപി പറഞ്ഞു.
ഒരു ഡിവിഷനിൽ 32 സീറ്റുകളാണ് ഇവിടെ അനുവദിക്കുന്നത്. നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം 63 തസ്തികകൾ പുതിയതായി ആരംഭിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിൽ സർക്കാർ അനുവദിക്കും.
പിഎം ശ്രീ സ്കൂള്‍ എന്ന വിശേഷണത്തോടെയാണ് പുതിയ വിദ്യാലയങ്ങൾക്ക് സർക്കാർ അനുമതി നൽകിയത്. നവീനമായ പഠന രീതികളും ഗുണനിലവാരമുള്ള അധ്യാപനവും മികച്ച ഭൗതിക അടിസ്ഥാന സൗകര്യങ്ങളും കേന്ദ്രീയ വിദ്യാലയങ്ങളുടെ പ്രത്യേകതകളാണ്.
1962 നവംബറിലാണ് കേന്ദ്രീയ വിദ്യാലയം പദ്ധതിക്ക് അന്നത്തെ ജവഹർലാൽ നെഹ്റു സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍, പ്രതിരോധ വകുപ്പ് ജീവനക്കാരുടെ മക്കള്‍ക്ക് രാജ്യത്തുടനീളം ഏകീകൃത നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
എന്നാൽ പിന്നീട് മറ്റുള്ള വിദ്യാർത്ഥികൾക്കും കേന്ദ്രീയ വിദ്യാലങ്ങളിൽ പ്രവേശനം നൽകി തുടങ്ങി.