സഞ്ജു ഇന്ത്യൻ ടീമിൻ്റെ നട്ടെല്ലായി മാറി, ലോക ക്രിക്കറ്റിൻ്റെ നെറുകയിൽ വെന്നിക്കൊടി പാറിച്ചിരിക്കുന്നു: പിണറായി വിജയൻ

ടി20 ലോകകപ്പിൽ കരുത്തരായ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ കപ്പുയർത്തിയതിന് പിന്നാലെ മലയാളി താരമായ സഞ്ജു സാംസണെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലോകകപ്പ് വിജയത്തിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ചു ആവേശകരമാണ്. ഫൈനലിലെ നിർണായക പ്രകടനത്തിലൂടെയും ടൂർണമെന്റിലുടനീളം പുലർത്തിയ സ്ഥിരതയാർന്ന ബാറ്റിങ്ങിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാൻ സഞ്ജുവിന് സാധിച്ചെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സ്വന്തം മണ്ണിൽ കിരീടം നേടി ലോക ക്രിക്കറ്റിന്റെ നെറുകയിൽ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് നമ്മുടെ ടീം. ന്യൂസിലാൻഡിനെതിരെയുള്ള ആവേശകരമായ ഫൈനലിൽ നേടിയ ഈ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണ്. കളിക്കളത്തിലെ വീറും വാശിയും പതറാത്ത ആത്മവിശ്വാസവും ഒത്തുചേർന്നപ്പോൾ കിരീടം വീണ്ടും ഈ മണ്ണിലേക്ക് തന്നെ എത്തിയിരിക്കുന്നു.
ഈ ലോകകപ്പ് വിജയത്തിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ചു ആവേശകരമാണ്. ഫൈനലിലെ നിർണായക പ്രകടനത്തിലൂടെയും ടൂർണമെന്റിലുടനീളം പുലർത്തിയ സ്ഥിരതയാർന്ന ബാറ്റിങ്ങിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാൻ സഞ്ജുവിന് സാധിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നു. ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പ്ലെയർ ഓഫ് ദി ടൂർണമെന്റ് ബഹുമതി സഞ്ജുവിന്റെ നേട്ടങ്ങളുടെ മാറ്റ് വർധിപ്പിക്കുന്നു. ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്കും, വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.









































































