ഡ്രൈവിംഗ് ടെസ്റ്റിന് ജൂണ്‍ മാസം വരെ നല്‍കിയിരുന്ന തീയതികള്‍ റദ്ദാക്കി
ഡ്രൈവിംഗ് ലൈസൻസിനുള്ള ടെസ്റ്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ വരെ നല്‍കിയിരുന്ന തീയതികള്‍ റദ്ദാക്കി മോട്ടോര്‍വാഹന വകുപ്പ്.
നേരത്തെ അപേക്ഷിച്ചവർക്ക് അനുവദിച്ച തീയതികളാണ് റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചത്. ഒരു ദിവസം ടെസ്റ്റിന് അനുവദിക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ ഗണേഷ് കുമാർ ഗതാഗത മന്ത്രിയായതിന് ശേഷം നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ടെസ്റ്റ് തീയതികള്‍ റദ്ദാക്കിയത്.
ഏകദേശം 2000-ല്‍ അധികം ആളുകളാണ് ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാനാകാതെ ഇതോടെ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. മുമ്പ് 100 മുതല്‍ 200 പേർ വരെയാണ് പ്രതിദിനം ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയിരുന്നത്. എന്നാല്‍ ഇതാണ് മെയ് ഒന്ന് മുതല്‍ 50 ആയി കുറച്ച് വെബ്സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഇതിന് ശേഷം ഇത് 30 ആയി വീണ്ടും കുറച്ചു. ഇതോടെയാണ് വെബ്സൈറ്റിലൂടെ ലഭ്യമായ തീയതികള്‍ റദ്ദായത്.
മെയ് മൂന്നിലെ ഡ്രൈവിംഗ് ടെസ്റ്റ് റദ്ദാക്കിയതായുള്ള എസ്എംഎസ് അറിയിപ്പില്‍ കാരണമായി കോവിഡ് ആണ് കാണിച്ചിരിക്കുന്നത്. മെയ് ആദ്യവാരം മുതല്‍ പുതിയരീതി നടപ്പാക്കുമെന്നാണ് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. ടെസ്റ്റുകള്‍ റീഷെഡ്യുള്‍ ചെയ്യുന്നതിനായി സൈറ്റില്‍ കയറി വീണ്ടും പുതിയ തീയതി തിരഞ്ഞെടുക്കേണ്ടതായി വരും.
പ്രതിദിനം 30 അപേക്ഷകർക്ക് മാത്രമാകും ടെസ്റ്റിന് ഹാജരാകാൻ അനുമതി നല്‍കുക. ആദ്യഘട്ടത്തില്‍ 20 പുതിയ അപേക്ഷകർക്കും മുമ്പ് പരാജയപ്പെട്ട 10 പേർക്കുമാണ് ടെസ്റ്റിന് തീയതി ലഭിക്കുക