ഇടുക്കിയിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു
ഇടുക്കി: രോഗിയുമായി പോയ ഐസിയു ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. മരുതുംപേട്ട ചപ്പാത്തിലെ പുത്തൻപുരക്കൽ തങ്കപ്പൻ (78) അന്തരിച്ചു. ആംബുലൻസിൽ രോഗിക്കൊപ്പം ഉണ്ടായിരുന്ന മകൻ സുരേഷ്, ചെറുമകൻ അപ്പു, നഴ്സ് എന്നിവർക്ക് പരിക്കേറ്റു. ഇടുക്കി റോഡിൽ കാഞ്ഞാറിനടുത്ത് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം. ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തങ്കപ്പൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പാലാ മെഡിസിറ്റിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആംബുലൻസിൻ്റെ ബ്രേക്ക് തെറ്റിയതാണ് കാരണം എന്നാണ് പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്. ആംബുലൻസിന് പിന്നാലെ വന്ന ബന്ധുക്കളുടെ വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തങ്കപ്പൻ മരിച്ചു. മൃതദേഹം മൂലമറ്റം ബിഷപ്പ് ആശുപത്രി മോർച്ചറിയിൽ. പരിക്കേറ്റവർ അതേ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച തങ്കപ്പൻ്റെ സംസ്കാരം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും. പരേതനായ തങ്കപ്പൻ്റെ ഭാര്യ ശാന്തമ്മ, മക്കൾ സുരേഷ്, സിന്ധു, സന്ധ്യ, മരുമക്കൾ നദാഷ, സുരേഷ്, സാബു.