കഞ്ചാവ് ലഹരിയില്‍ സർക്കാർ ആശുപത്രിയിൽ അതിക്രമം; യുവാവ് പിടിയിൽ

കൊച്ചി: തൃപ്പൂണിത്തുറയിലെ സർക്കാർ ആശുപത്രിയിൽ അതിക്രമം. കഞ്ചാവ് ലഹരിയിൽ ചികിത്സയ്ക്കായെത്തിയ ഇതര സംസ്ഥാനക്കാരനായ യുവാവാണ് ആക്രമണം നടത്തിയത്. രക്തം വാർന്ന് റോഡിൽ കിടന്ന യുവാവിനെ മരട് നഗര സഭയുടെ ആംബുലൻസിലായിരുന്നു ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ എത്തിയ ഉടൻ യുവാവ് വനിതാ ഡോക്ടറെയും നേഴ്സുമാരെയും ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയിലെ ഉപകരണങ്ങൾ തല്ലി തകർക്കുകയും ചെയ്തു. ശേഷം പ്രസവ വാർഡിൽ പ്രവേശിച്ചും ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
തൃപ്പൂണിത്തുറ പൊലീസ് സ്ഥലത്തെത്തിയാണ് അക്രമിയെ പിടികൂടിയത്. ആശുപത്രിയിൽ കെട്ടിയിട്ട ശേഷവും ഇയാൾ പരാക്രമത്തിന് ശ്രമിച്ചു. ഇയാൾ വലിയ തോതിൽ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ എറണാകുളത്ത് നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലും അക്രമം നടന്നിരുന്നു.









































































































































