തമിഴ്നാട്ടിലെ സൗജന്യ റേഷനരി കേരളത്തിലേക്ക് കടത്തി നിറംചേർത്ത് വിൽക്കുന്നു; കിലോയ്ക്ക് 45 രൂപവരെ
കുമളി : തമിഴ്നാട്ടിൽനിന്നു അതിർത്തി ചെക്ക്പോസ്റ്റിലൂടെ കേരളത്തിലേക്ക് റേഷൻ അരി കടത്തി വിൽക്കുന്നത് ഒരിടവേളയ്ക്കുശേഷം വീണ്ടും വ്യാപകം. കേരള-തമിഴ്നാട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനകൾ കർശനമാക്കിയതോടെ കഴിഞ്ഞ ദിവസം മലയാളി ഉൾപ്പെടെയുള്ളവരെ 3200 കിലോ റേഷനരിയുമായി പിടികൂടിയിരുന്നു. ഒറ്റപ്പെട്ട പിടികൂടലുകൾ നടക്കുമ്പോഴും റേഷനരി കരിഞ്ചന്ത പല ജില്ലകളിലും വ്യാപകമാണ്. തോട്ടം തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് മുമ്പ് തമിഴ്നാട്ടിൽനിന്നുള്ള റേഷനരി കടത്ത് നടത്തിയിരുന്നത്.
ഇപ്പോൾ ഇടുക്കിക്ക് പുറമേ കോട്ടയം, എറണാകുളം മേഖലകളിലും കളർ ചേർത്തുള്ള അരി വിൽപ്പന കൂടിവരുകയാണ്.തേനി,കോയമ്പത്തൂർ മേഖലകളിൽനിന്നുള്ള അരികടത്തൽ തടയുന്നതിന് തമിഴ്നാട്ടിൽ കർശന നിയമവും സിവിൽ സപ്ലൈസ് സ്ക്വാഡും ഭക്ഷ്യവകുപ്പിന്റെ പ്രത്യേകസെല്ലും പ്രവർത്തിക്കുന്നുണ്ടെങ്കിലും കുമളി ചെക്ക്പോസ്റ്റിലൂടെയുള്ള അരികടത്തൽ തകൃതിയാണ്.