ജനുവരിയിൽ കേരളത്തോട് സലാം പറഞ്ഞ VRL ലോജിസ്റ്റിക്‌സിൽ നിന്നും 1560 ട്രക്ക് ഓർഡർ ലഭിച്ചെന്ന് അശോക് ലേലാൻഡ്
കൂലി നിശ്ചയിക്കുന്നതിൽ യൂണിയനുകളുമായുണ്ടായ തർക്കത്തെ തുടർന്ന് എറണാകുളം ഏലൂർ ഡിപ്പോയിലെ വെയർഹൗസ് ഹബ് അടച്ചുപൂട്ടിയ വിആർഎൽ ലോജിസ്റ്റിക്സിനെ (VRL Logistics Limited) ഓർമ്മയുണ്ടാകുമല്ലോ? കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കും എന്ന് പ്രഖ്യാപിച്ച വ്യവസായ മന്ത്രി പി. രാജീവിന്റെ മണ്ഡലത്തിൽ ജനുവരിയിൽ നടന്ന സംഭവം ആയതിനാൽ അന്ന് അല്പം വിവാദവും വാദപ്രതിവാദവും ഒക്കെ നടന്നിരുന്നു. എന്തായാലും ഇന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ്, ട്രാൻസ്പോർട്ട് കമ്പനിയായ വിആർഎൽ ലോജിസ്റ്റിക്‌സ് ലിമിറ്റഡ് ആ വിവാദമൊന്നും ഏശാതെ മുന്നോട്ട് കുതിക്കുകയാണ് എന്ന് സൂചന നൽകുന്ന വാർത്തയാണ് വരുന്നത്. വിആർഎൽ ലോജിസ്റ്റിക്സിൽ നിന്നും 1,560 ട്രക്കുകൾക്ക് ഓർഡർ ലഭിച്ചതായി വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേലാൻഡ് (Ashok Leyland) വ്യക്തമാക്കി. കൂടുതൽ പ്രവർത്തനക്ഷമതയും നൂതന സവിശേഷതകളോടും കൂടിയ ട്രക്കുകളായ AVTR 3120, AVTR 4420 TT എന്നീ മോഡലുകൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത് എന്നും കമ്പനി പറഞ്ഞു. എന്നാൽ, ഇത്രയും ട്രക്കുകൾ വാങ്ങാനുള്ള ചെലവിനെക്കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. “വിആർഎൽ ലോജിസ്റ്റിക്‌സും അശോക് ലേലാൻഡും തമ്മിൽ വളരെക്കാലമായി നിലനിൽക്കുന്ന ഒരു ബന്ധമുണ്ട്. ഉപഭോക്താക്കളുടെ ഉയർന്നുവരുന്ന ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിൽ വിആർഎൽ ഞങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്,” അശോക് ലേലാൻഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെനു അഗർവാൾ പറഞ്ഞു.
ഐഎൻടിയുസി യൂണിയൻ 180 രൂപയാണ് ആവശ്യപ്പെടുന്നതെന്നും കമ്പനി 160 രൂപ നൽകാൻ തയാറാണെന്നും മാനേജ്മെന്റ് വക്താവ് അറിയിച്ചു. യൂണിയനുകൾ ഇതു അംഗീകരിച്ചില്ല. വിവരങ്ങൾ കോർപറേറ്റ് ഓഫിസിൽ അറിയിച്ചപ്പോൾ ഗോഡൗൺ അടച്ചു പൂട്ടാനാണു നിർദേശം ലഭിച്ചതെന്നും വക്താവ് പറഞ്ഞു.
നേരത്തെ വിജയാനന്ദ് റോഡ് ലൈൻസ് എന്ന് അറിയപ്പെട്ടിരുന്ന വിആർഎൽ ലോജിസ്റ്റിക്സ് കമ്പനി വിആർഎൽ ഗ്രൂപ്പിനു കീഴിലാണ്. കർണാടക്കാരനായ വിജയ് ശങ്കേശ്വർ 1976ൽ ആണ് കമ്പനി സ്ഥാപിച്ചത്. ചാർട്ടർ വിമാന സർവീസ് രംഗത്തും പ്രധാന കമ്പനിയായ വിആർഎൽ ചരക്കുവാഹനങ്ങളും ടൂറിസ്റ്റ് ബസുകളും ഉൾപ്പെടെ 4,816 വാഹനങ്ങളുമായി ഇന്ത്യയിലെ ഏറ്റവും വലിയ വാഹനശൃംഖലയാണ്. കാർഗോ കുറിയർ വിതരണ രംഗത്തും വിനോദസഞ്ചാര രംഗത്തും പ്രധാന കമ്പനികളിലൊന്നായ വിആർഎൽ ഗ്രൂപ്പിന് ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തും സർവീസുണ്ട്.