അണ്ടർ 19 വനിതാ ലോകകപ്പ്; ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ
പോച്ചെഫ്സ്ട്രൂം: ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 9 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ ശ്വേത സെഹ്റാവത്ത് അർധസെഞ്ച്വറി നേടി പുറത്താകാതെ നിന്നു. 45 പന്തിൽ 61 റൺസാണ് താരം നേടിയത്. ക്യാപ്റ്റൻ ഷെഫാലി വർമ്മയ്ക്ക് കഴിവ് മുഴുവൻ പുറത്തെടുക്കാനായില്ല. ഒമ്പത് പന്തിൽ 10 റൺസ് മാത്രമാണ് ഇന്ത്യൻ ക്യാപ്റ്റനു നേടാനായത്. സൗമ്യ തിവാരി 22 റണ്‍സെടുത്ത് പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ജോർജിയ പ്ലിമ്മറാണ് കിവീസിന്റെ ടോപ് സ്കോറർ. 32 പന്തിൽ 35 റൺസെടുത്താണ് താരം പുറത്തായത്. ഇസബെല്ല ഗെസ് (22 പന്തിൽ 26), ഇസി ഷാർപ് (14 പന്തിൽ 13), കെയ്ൽ നൈറ്റ് (11 പന്തിൽ 12) എന്നിവരാണ് ന്യൂസിലൻഡിനായി സ്കോർ ചെയ്ത താരങ്ങൾ.