ഒന്നര കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച വഴിയോര വിശ്രമ കേന്ദ്രവും പാര്‍ക്കും കാടുകയറി നശിക്കുന്നു
കണ്ണൂര്‍: പഴയങ്ങാടിയില്‍ ഒന്നര കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച വഴിയോര വിശ്രമ കേന്ദ്രവും പാര്‍ക്കും കാടുകയറി നശിക്കുന്നു.കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ കാരണം നശിക്കുന്നത്.
2020 ല്‍ കണ്ണൂര്‍ പഴയങ്ങാടി രാമപുരത്ത് പൊതുമരാമത്ത് വകുപ്പ് 1.35 കോടി രൂപ ചിലവഴിച്ചാണ് വഴിയോര വിശ്രമ കേന്ദ്രവും പാര്‍ക്കും നിര്‍മിച്ചത്. കെഎസ്ടിപിക്കായിരുന്നു നിര്‍മാണ ചുമതല. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് നേരിട്ട് എത്തി ഉദ്ഘാടനം ചെയ്ത പദ്ധതി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തില്ല. പാര്‍ക്കില്‍ ഒരുക്കിയ പൂന്തോട്ടം കാടുകയറി നശിച്ചു. ഇരിപ്പിടങ്ങളും ശുചിമുറികളും കുട്ടികള്‍ക്കായുള്ള കളിസ്ഥലവും നാശത്തിന്റെ വക്കിലാണ്.
പദ്ധതി നടത്തിപ്പിനായി കെഎസ്ടിപി റോഡ് വിഭാഗം രണ്ട് തവണ ടെന്‍ഡര്‍ ക്ഷണിച്ചുവെങ്കിലും സാങ്കേതിക പ്രശ്നങ്ങളാല്‍ നടപ്പിലായില്ല. മാത്രമല്ല കോടികള്‍ മുടക്കി ഒരുക്കിയ പാര്‍ക്ക് സംരക്ഷിക്കാനോ ശുചീകരിക്കാനോ പോലും യാതൊരു ഇടപെടലും ഉണ്ടാകുന്നില്ല. ഈ നില തുടര്‍ന്നാല്‍ കെട്ടിടങ്ങള്‍ അടക്കം നിലം പതിക്കാന്‍ ഏറെ കാലതാമസമുണ്ടാകില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.