ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ബാല സൗഹൃദ കേരളം നാലാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ അടിമാലി ബ്ലോക്ക് തല, പഞ്ചായത്ത്തല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. ബാല സൗഹൃദ കേരളം യാഥാര്‍ത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം, ബാല സൗഹൃദ തദ്ദേശ ഭരണം എന്നിവ ഉള്‍പ്പെടുത്തികൊണ്ട് സംസ്ഥാനത്തുടനീളം നടത്തി വരുന്ന ബൃഹത് പ്രചാര പദ്ധതിയാണ് ബാലസൗഹൃദ കേരളം. ബാലസൗഹൃദ കേരളത്തിന്റെ ഭാഗമായി ഒന്നും രണ്ടും മൂന്നും ഘട്ടപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. തദ്ദേശഭരണ സ്ഥാപന പരിധിയിലെ കുട്ടികളുടെ അവകാശങ്ങള്‍, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിനും അവ പരിരക്ഷിക്കുന്നതിനുമായി രൂപീകരിക്കപ്പെട്ടിട്ടുള്ള സംവിധാനമാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍. നാലാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അടിമാലി ബ്ലോക്ക്തല, പഞ്ചായത്ത്തല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ബാല സൗഹൃദ കേരളം ബ്ലോക്ക്, പഞ്ചായത്ത് തല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളുടെ ലക്ഷ്യങ്ങള്‍, ചുമതലകള്‍, കുട്ടികളുടെ അവകാശങ്ങളും നിയമങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു. അടിമാലി ഗ്രാമപഞ്ചായത്ത് ഹാളിലായിരുന്നു പരിശീലന പരിപാടി നടന്നത്. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന് ചെല്ലപ്പന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സോളി ജീസസ് അധ്യക്ഷത വഹിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു രാജേഷ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഗീത എം. ജി, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോമറ്റ് ജോര്‍ജ്ജ്, ശിശു വികസന പദ്ധതി ഓഫീസര്‍മാരായ റഷീദ വി. എ, ജമീല എം. യു തുടങ്ങിയവര്‍ സംസാരിച്ചു.
ചിത്രം: ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന് ചെല്ലപ്പന് നിര്‍വ്വഹിക്കുന്നു.