നെടുങ്കണ്ടത്ത് വീട്ടുമുറ്റത്ത് വച്ചിരുന്ന ബൈക്ക് രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് വീട്ടുമുറ്റത്ത് വച്ചിരുന്ന ബൈക്ക് രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചതായി പരാതി.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലുള്ള അമ്ബലപ്പാറ സ്വദേശി ജയാഭവനില്‍ രതീഷിന്റെ യമഹാ ബൈക്കാണ് പൂര്‍ണമായും കത്തിനശിച്ചത്. ജെ.സി.ബി ഓപറേറ്ററായ രതീഷ് ബൈക്ക് വീട്ടുമുറ്റത്തുള്ള ചെറിയ ഷെഡിലാണ് വയ്ക്കുന്നത്. ഞായറാഴ്ച രാവിലെ അയല്‍വാസികളാണ് ബൈക്ക് കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. പെട്രോളിന്റെ മണം വന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ ഇവിടെ എത്തി വിവരം രതീഷിനെ അറിയിക്കുകയായിരുന്നു.
കനത്ത മഴയായതിനാല്‍ രാത്രിയില്‍ മറ്റ് ശബ്ദങ്ങളൊന്നും കേട്ടിരുന്നില്ലെന്ന് രതീഷ് പറഞ്ഞു. ബൈക്ക് നനയാതിരിക്കാന്‍ കെട്ടിയിരുന്ന പടുതായും ഇവിടെത്തന്നെ സൂക്ഷിച്ചിരുന്ന മരുന്നടിക്കാനുപയോഗിക്കുന്ന ഹോസുകള്‍, കുഴല്‍ക്കിണറിന്റെ വൈദ്യുതി കേബിള്‍, മരുന്ന് കലക്കുന്ന വീപ്പ തുടങ്ങിയവയും കത്തിനശിച്ചു. ഷെഢില്‍ നിന്നും ബൈക്ക് കത്തിക്കാന്‍ ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന പെട്രോള്‍ കുപ്പി കണ്ടെടുത്തിട്ടുണ്ട്. തുടര്‍ന്ന് രതീഷ് നെടുങ്കണ്ടം പൊലീസില്‍ പരാതി നല്കി. പൊലീസെത്തി പ്രാധമിക വിവരങ്ങള്‍ ശേഖരിച്ചു. ഡോഗ് സ്ക്വാഡും വിരളടയാള വിദഗ്ധരും ഇന്ന് സംഭവസ്ഥലത്തെത്തി പരിശോധന നടത്തും.