മാല മോഷണം : കഥയിൽ വഴിത്തിരിവ്
നെടുങ്കണ്ടം : ബന്ധുവിന് പണയം വയ്ക്കാൻ നൽകിയ മാല പറഞ്ഞ സമയത്ത് ലഭിക്കാതിരുന്നപ്പോൾ വീട്ടുകാരുടെ മുന്നിൽ മോഷണകഥ മെനഞ്ഞ് വീട്ടമ്മ. കഥയിൽ ട്വിസ്റ്റ് കൂടിയപ്പോൾ പൊലീസിന് തോന്നിയ സംശയത്തിൽ പുറത്തുവന്നത് സിനിമാക്കഥയെ വെല്ലുന്ന ഭാവന. ഇന്നലെ രാവിലെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അതിരാവിലെ വീട്ടമ്മയെ സ്പ്രേ അടിച്ച് മയക്കിക്കിടത്തി മാല മോഷ്ടിച്ച രണ്ടംഗ സംഘത്തിന്റെ കഥ ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്.
രാവിലെ 7.30ക്ക് വീടിനുള്ളിൽ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം തന്റെ മുഖത്ത് മയക്കുമരുന്ന് സ്പ്രേ അടിച്ച് ബോധം കെടുത്തിയെന്നും രണ്ടര പവന്റെ ആഭരണങ്ങളും 20,000 രൂപയും തട്ടിയെടുത്തെന്നുമാണു പൊലീസിനോട് വീട്ടമ്മ പറഞ്ഞത്. വീട്ടമ്മയുടെ ഭർത്താവ് പുറത്തുപോയ സമയത്ത് എത്തിയ രണ്ടംഗ സംഘം മുഖം മൂടി ധരിച്ചിരുന്നു. പശുക്കൾക്ക് തീറ്റ നൽകുന്നതിനിടെ വീട്ടിനുള്ളിൽ നിന്നു ശബ്ദം കേട്ടാണ് കയറി വന്നത്. വന്ന സമയത്ത് മുഖത്തേക്ക് സ്പ്രേ അടിച്ചെന്നും കഴുത്തിൽ കത്തി വയ്ക്കുകയും ചെയ്തു.
ബോധരഹിതയായ വീട്ടമ്മയെ സമീപവാസി കണ്ടെത്തിയതോടെ വിവരം പൊലീസിനെ അറിയിച്ചു. ഇതായിരുന്നു വീട്ടമ്മയുടെ മോഷണകഥ. സംഭവം അറിഞ്ഞ് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ മോഷണ സാധ്യതയൊന്നും പൊലീസ് കണ്ടെത്തിയില്ല. തുടർന്ന് പൊലീസ് വിശദമായ മൊഴി ശേഖരിച്ചപ്പോഴാണ് മോഷണത്തിന്റെ കെട്ടുകഥ പുറത്തായത്. അടുത്ത ബന്ധുവിന് പണയം വയ്ക്കാൻ നൽകിയ മാല തിരികെ ലഭിക്കാതെ വന്നതോടെ വീട്ടുകാർക്ക് സംശയം തോന്നാതിരിക്കാനാണ് മോഷണ കഥ സൃഷ്ടിക്കാൻ തീരുമാനിച്ചത്.