മിനിമം ചാർജ് ഓട്ടോക്ക് 30, ടാക്‌സിക്ക് 210; ചാർജ് വർധിപ്പിക്കാൻ ശുപാർശ
തിരുവനന്തപുരം: ഓട്ടോ-ടാക്സി ചാർജ് വർധിപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശ. ചാർജ്ജ് വർധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റിയുമായി ഗതാഗത മന്ത്രി ആന്റണി രാജു ചർച്ച നടത്തി. ഇത് സംബന്ധിച്ച് പഠിച്ച് ശുപാർശ നൽകുവാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ സർക്കാർ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. തുടർന്ന് ബന്ധപ്പെട്ടവരുമായി കമ്മറ്റി മൂന്ന് ചർച്ചകൾ നടത്തിയതിനുശേഷം സർക്കാരിന് ശുപാർശ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിതല ചർച്ച നടന്നത്.നിലവിലെ ഭീമമായ ഇന്ധന വിലയുടെ പശ്ചാത്തലത്തിൽ ഓട്ടോ-ടാക്സി ചാർജ്ജ് വർധന അനിവാര്യമാണെന്ന വാഹന ഉടമകളുടെയും യൂണിയനുകളുടെയും ആവശ്യം ന്യായമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
ഓട്ടോറിക്ഷകൾക്ക് നിലവിലുള്ള മിനിമം ചാർജ് 25 രൂപയിൽ നിന്ന് 30 ആക്കി വർധിപ്പിക്കാനും തുടർന്നുള്ള ഒരു കിലോമീറ്ററിനും നിലവിലുള്ള 12 രൂപയിൽ നിന്നും 15 രൂപയായി വർധിപ്പിക്കാനുമാണ് കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്.കോർപറേഷൻ മുനിസിപ്പാലിറ്റി പരിധിക്ക് പുറത്ത് 50% അധികനിരക്കും രാത്രി കാല യാത്രയിൽ നഗരപരിധിയിൽ 50% അധിക നിരക്കും നില നിർത്തണമെന്നും വെയ്റ്റിംഗ് ചാർജ്ജ് 15 മിനിറ്റിന് 10 രൂപ എന്നത് നിലവിൽ ഉള്ളതുപോലെ തുടരുവാനാണ് കമ്മറ്റിയുടെ നിർദ്ദേശം.1500 സിസിയിൽ താഴെയുള്ള ടാക്സി കാറുകൾക്ക് മിനിമം ചാർജ് നിലവിലുള്ള 175 രൂപയിൽ നിന്ന് 210 ആയും കിലോമീറ്റർ ചാർജ്ജ് 15 രൂപയിൽ നിന്ന് 18 രൂപയായും 1500 സിസിയിൽ അധികമുള്ള ടാക്സി കാറുകൾക്ക് മിനിമം ചാർജ് 200 രൂപയിൽ നിന്ന് 240 രൂപയായും, കിലോമീറ്റർ നിരക്ക് 17 രൂപയിൽ നിന്ന് 20 ആയും വർധിപ്പിക്കാനാണ് കമ്മറ്റി ശുപാർശ നൽകിയിട്ടുള്ളത്.
വെയ്റ്റിംഗ് ചാർജ്ജ് നിലവിൽ ഉള്ളതുപോലെ മണിക്കൂറിന് 50 രൂപയായും ഒരു ദിവസം പരമാവധി 500 രൂപയായും നിലനിർത്തണമെന്നും ശുപാർശയുണ്ട്.കമ്മറ്റി സമർപ്പിച്ച വിവിധ നിർദേശങ്ങളെക്കുറിച്ച് സർക്കാർതലത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ജസ്റ്റിസ് എം. രാമചന്ദ്രൻ, ഗതാഗത കമ്മീഷണർ എം.ആർ. അജിത്കുമാർ ഐപിഎസ്, കമ്മറ്റിയംഗങ്ങളായ എൻ.നിയതി, ടി. ഇളങ്കോവൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.