Idukki വാര്‍ത്തകള്‍
ഹെലിബറിയ പാലത്തിന്റെ കൈവരികൾ തകർന്നിട്ട് വർഷങ്ങൾ, നടപടി ഇല്ല ;പ്രതിഷേധവുമായി നാട്ടുകാർ
ഏലപ്പാറ : ഹെലിബെറിയ വള്ളക്കടവ് പാലത്തിന്റെ കൈവരികൾ തകർന്നിട്ട് വർഷങ്ങളായിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്ത്. അയ്യപ്പൻകോവിൽ, ഏലപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാലത്തിന്റെ കൈവരിയാണ് തകർന്നത്. വിദ്യാർഥികളും നാട്ടുകാരുമടക്കം ഒട്ടേറെ പേരാണ് ദിവസേന ഈ പാലത്തിലൂടെ പോകുന്നത്.
നാലു മീറ്റർ മാത്രം വീതിയുള്ള പാലത്തിൽ രണ്ടു വാഹനങ്ങൾ ഒരേ സമയം പോകുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. വാഹനങ്ങൾ പോകുന്ന സമയത്ത് കാൽനടയാത്രയും ദുരിതമാണ്. 2018-ലെ പ്രളയത്തിലാണ് പാലത്തിന്റെ കൈവരികൾ തകർന്നത്. അന്നു മുതൽ പരാതികളും നിവേദനങ്ങളും നൽകിയിട്ടും നടപടിയില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.