മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ മിന്നൽ പരിശോധന. കണക്കിൽപ്പെടാത്ത 1.39 ലക്ഷം രൂപ കണ്ടെടുത്തു.
ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 1,39,220 രൂപ കണ്ടെടുത്തു.പീരുമേട് സബ് റീജിയണല്‍ ആര്.ടി.ഓഫീസിലെ മേശയില്‍ നിന്ന് 65,060 രൂപ പിടിച്ചെടുത്തു. ഇടുക്കി, അടിമാലി സബ് റീജിയണല്‍ ആര്.ടി.ഓഫീസുകളിലെത്തിയ ഏജന്റുമാരില്‍ നിന്ന് ഉറവിടം വ്യക്തമല്ലാത്ത പണം കണ്ടെത്തി. ഇടുക്കി ഓഫീസിലെത്തിയ ഏജന്റില്‍ നിന്ന് 16,060 രൂപയും അടിമാലിയിലെ ഏജന്റില്‍ നിന്ന് 58,100 രൂപയുമാണ് പിടിച്ചെടുത്തത്. തൊടുപുഴ, നെടുങ്കണ്ടം ഓഫീസുകളില്‍ പണം കണ്ടെത്തിയിട്ടില്ല.
ഇന്നലെ വൈകിട്ട് 4.30ന് ജില്ലയിലെ അഞ്ച് ആര്.ടി.ഓഫീസുകളില്‍ ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടരുകയാണ്. ആര്.ടി. ഓഫീസുകളില്‍ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും ഏജന്റുമാര്‍ വഴിവിട്ട് ഇടപെടുന്നുണ്ടെന്നും വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിശോധന. മിക്കയിടത്തും ഫയലുകളില്‍ ക്രമക്കേട് കണ്ടെത്തി.
വിജിലന്‍സ് ഡിവൈ.എസ്.പി. വി.ആര്. രവികുമാര്‍, സി.ഐമാരായ ടിപ്സണ്‍ തോമസ്, സി. വിനോദ്, മഹേഷ് പിള്ള, ജയകുമാര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.