കുളമാവ്-വാഗമൺ-കാഞ്ഞാർ ടൂറിസം ട്രയാങ്കിൾ വികസിപ്പിക്കണം;ഇടുക്കിയുടെ വിനോദസഞ്ചാര മേഖലക്ക് പുതിയ പ്രതീക്ഷ

കുടയത്തൂർ: കുളമാവിനെയും വാഗമണ്ണിനെയും ബന്ധിപ്പിച്ച് തൊടുപുഴ കേന്ദ്രീകരിച്ച് സമഗ്ര ടൂറിസം വികസനത്തിന് വഴിയൊരുക്കുന്ന കുളമാവ്-വാഗമൺ – കാഞ്ഞാർ ടൂറിസം ട്രയാംഗിൾ പദ്ധതി യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.കുളമാവിൽനിന്ന് കലംകമഴ്ത്തി വഴി ഒളുപ്പൂണിവരെ വനത്തിലൂടെ നാല് കിലോമീറ്റർ റോഡ് നിർമിക്കാൻ കഴിഞ്ഞാൽ കുളമാവിനെയും വാഗമണ്ണിനെയും വെറും 15 കിലോമീറ്റർ ദൂരത്തിൽ ബന്ധിപ്പിക്കാനാകും. ഒളുപ്പൂണിയിൽനിന്ന് വാഗമണ്ണിലേക്ക് നിലവിൽ ഗതാഗതയോഗ്യമായ റോഡും നിലവിലുണ്ട്. കാഞ്ഞാർ-പുള്ളിക്കാനം, മൂലമറ്റം-പുള്ളിക്കാനം റോഡുകൾ യാഥാർത്ഥ്യമായതോടെ തൊടുപുഴ വഴി വാഗമണ്ണിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കാനുള്ള സാധ്യത ഏറെയാണ്.
ഈ സാഹചര്യത്തിൽ മലങ്കര മുതൽ മൂലമറ്റം വരെ വ്യാപിച്ചുകിടക്കുന്ന മലങ്കര തടാകത്തിന്റെ ഇരുകരകളിലുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി വികസിപ്പിക്കേണ്ടതുണ്ട്. പെരുംകൊഴുപ്പ്, ത്രിവേണിസംഗമം തുടങ്ങിയ പ്രദേശങ്ങൾ മികച്ച ടൂറിസം കേന്ദ്രങ്ങളായി ഉയർത്തിക്കൊണ്ടുവരാൻ കഴിയും.
കാഞ്ഞാർ-പുള്ളിക്കാനം റോഡിലെ കൂവപ്പള്ളിയിൽനിന്ന് അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കക്കല്ല് തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്താം. വാഗമണ്ണിന് സമാനമായ കാലാവസ്ഥയാണ് കുളമാവിന്റെയും പ്രത്യേകത. കുളമാവിനടുത്തുള്ള നാടുകാണി, ഉപ്പുകുന്ന് എന്നിവിടങ്ങളിലെ വ്യൂ പോയിന്റുകളിൽനിന്നുള്ള പ്രകൃതിദൃശ്യങ്ങളും ഏറെ മനോഹരമാണ്. കുളമാവ് ഡാമും അവിടെനിന്ന് ആരംഭിക്കുന്ന ഇടുക്കി ജലാശയവും ജലാശയത്തിനുള്ളിൽ ഉയർന്നുനിൽക്കുന്ന മൊട്ടക്കുന്നുകളും പ്രദേശത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.
കുളമാവ്, മലങ്കര ജലാശയങ്ങളിലൂടെ ബോട്ട് സർവിസ് ആരംഭിക്കാൻ കഴിഞ്ഞാൽ കുളമാവിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കാനാകും. വാഗമണ്ണിലെത്തുന്ന സഞ്ചാരികൾക്ക് സമാനമായ കാലാവസ്ഥയുള്ള കുളമാവിൽ താമസസൗകര്യങ്ങൾ ഒരുക്കുന്നതിലൂടെയും ടൂറിസം മേഖലയിൽ പുതിയ സാധ്യതകൾ തുറക്കാനാകും. സമഗ്ര വികസനത്തിന് വിദഗ്ധ പഠനം വേണം. തൊടുപുഴ, കുളമാവ്, വാഗമൺ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ടൂറിസം ട്രയാംഗിൾ പദ്ധതി ആവിഷ്കരിക്കുന്നത് മലയോര മേഖലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കും.
ഇതിനായി വിദഗ്ധ ഏജൻസിയെ ചുമതലപ്പെടുത്തി സാധ്യതാപഠനം നടത്തുകയും സമഗ്ര വികസന മാസ്റ്റർ പ്ലാൻ തയാറാക്കുകയും വേണം. റോഡ് വികസനം, ബോട്ട് സർവീസ്, താമസസൗകര്യങ്ങൾ, വ്യൂ പോയിന്റുകളുടെ നവീകരണം, പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം എന്നിവക്ക് പദ്ധതിയിൽ മുൻഗണന നൽകണം. പ്രദേശത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചക്ക് ഇത് വലിയ മുതൽക്കൂട്ടാകും.













































































































































