‘കരം കെട്ടുന്നുണ്ട്, ഞങ്ങളെ ഇറക്കിവിടാൻ പറ്റില്ല സാറേ’; മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയിലെ 3 വീടുകൾ ഒഴിപ്പിക്കാനുള്ള ശ്രമം നടന്നില്ല

തൊടുപുഴ ∙ നിർദിഷ്ട മൂവാറ്റുപുഴ–തേനി സംസ്ഥാനപാതയുടെ ഭാഗമായ കോട്ട റോഡ് പുറമ്പോക്ക് ഒഴിപ്പിക്കലിന്റെ ഭാഗമായി ഈസ്റ്റ് കലൂർ അങ്കണവാടിക്കു സമീപം 3 വീടുകൾ ഒഴിപ്പിക്കാനുള്ള അധികൃതരുടെ ശ്രമം നടന്നില്ല. വീട്ടുകാരുടെയും നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും എതിർപ്പിനെത്തുടർന്ന് അടുത്തദിവസം ഇവരുമായി ചർച്ച നടത്താമെന്ന വ്യവസ്ഥയിൽ അധികൃതർ പിൻവാങ്ങി. 10 മുതൽ 25 സെന്റ് വരെ സ്ഥലമുള്ള 3 വീട് ഉൾപ്പെടെ ഏറ്റെടുക്കാനുള്ള നീക്കമാണ് തടഞ്ഞത്. 3 പതിറ്റാണ്ട് മുൻപ് തീറാധാരം ചെയ്തു വാങ്ങിയ സ്ഥലത്തിന് വില്ലേജിൽ കരം കെട്ടുന്നുണ്ടെന്നു വീട്ടുകാർ പറഞ്ഞു. ഇതിന്റെ രേഖകൾ റവന്യു അധികാരികളെ കാണിച്ചു. 2013ലെ ഹൈക്കോടതി ഉത്തരവിൽ താലൂക്കിലെ ലിത്തോ മാപ്പ് പ്രകാരം ഇവരുടെ കൈവശമുള്ള സ്ഥലത്തുനിന്നു 3 മുതൽ 5 സെന്റ് സ്ഥലം അളന്ന് തിരിച്ചു റോഡിനായി മണ്ണെടുത്ത് മാറ്റിയിരുന്നു. 2 മാസം മുൻപു സാറ്റലൈറ്റ് സർവേ പ്രകാരം ഈ 3 വീടുകളുടെയും അടുത്ത് മണ്ണെടുത്ത ഭാഗത്ത് കല്ലിട്ട് പോയിരുന്നു. എന്നാൽ റീ സർവേ പ്രകാരം സ്ഥലം ഏറ്റെടുക്കണമെന്ന കോടതി ഉത്തരവിന്റെ പേരിൽ ഇവരെ ഒഴിപ്പിക്കാൻ ഇന്നലെയാണ് അധികൃതർ എത്തിയത്. ലിത്തോ മാപ്പ് പ്രകാരം സ്ഥലം അളന്നു തിരിക്കണമെന്നു ഹൈക്കോടതി നേരത്തെ നൽകിയ ഉത്തരവ് ഇവർ അധികൃതരെ കാണിച്ചു.
കൂടാതെ ആധാരത്തിന്റെയും കരം കെട്ടിയതിന്റെയും രേഖകളും കാണിച്ചു. എന്നാൽ 85ൽ നടത്തിയ റീസർവേക്ക് ശേഷമാണ് വീട്ടുകാർ ഇവിടെ ആധാരം ചെയ്തു സ്ഥലം വാങ്ങി വീടുകൾ വച്ചതെന്ന് ഇവർ ചൂണ്ടിക്കാട്ടി. അന്നൊന്നും വില്ലേജിലോ മറ്റോ ഇത് കയ്യേറ്റ ഭൂമിയാണെന്ന് അധികൃതർ പറഞ്ഞിരുന്നില്ല. കരവും അടച്ചിരുന്നു. ഇപ്പോൾ വർഷങ്ങളായി താമസിക്കുന്ന വീട്ടിൽനിന്ന് ഇറക്കി വിടാനുള്ള ശ്രമം നടക്കില്ലെന്നാണു പ്രദേശവാസികളും ജനപ്രതിനിധികളും പറയുന്നത്. പഴയ റീസർവേയിലെ തെറ്റുകൾ തിരുത്തി വീണ്ടും സർവേ ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.
5 വീടുകൾ പൊളിച്ചുനീക്കി
തൊടുപുഴ ∙മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയിൽ കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി അഞ്ചു വീടുകൾ പൂർണമായും പൊളിച്ചുനീക്കി. കുമാരമംഗലം വില്ലേജിലെ ഈസ്റ്റ് കലൂർ മേനോൻ പടി മുതൽ വാഴക്കാലാ തോട് വരെയുള്ള ഭാഗങ്ങളിലെ കയ്യേറ്റങ്ങളാണ് രണ്ടു ദിവസങ്ങളിലായി ഒഴിപ്പിച്ചത്. ഇന്നലെ 4 വീടുകൾ മണ്ണുമാന്തി ഉപയോഗിച്ചു പൂർണമായി പൊളിച്ചുനീക്കി. ഇവിടെ താമസിച്ചിരുന്നവരെ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ വാടക വീടുകളിലേക്കും മറ്റും മാറ്റിയിട്ടുണ്ട്. എന്നാൽ ഈസ്റ്റ് കലൂർ ഭാഗത്ത് 3 വീട്ടുകാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ പ്രതിഷേധം ഉയർന്നതിനാൽ ഇവിടെ നടപടികൾ പൂർത്തിയാക്കാനായില്ല. പൊതുമരാമത്ത് വകുപ്പ് തൊടുപുഴ എക്‌സി.എൻജിനീയർ രാജേഷ് ജി.നായർ, കരിമണ്ണൂർ എഇ കെ.എം.കാർത്തിക് കൃഷ്ണൻ, ഭൂരേഖ തഹസിൽദാർ അനിൽകുമാർ, തൊടുപുഴ സിഐ കെ.പി.മനേഷ്, പഞ്ചായത്ത് അധികൃതർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കൽ നടപടികൾ.






































































































































