ശാന്തൻപാറ ചേരിയാറിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; രണ്ട് അതിഥിത്തൊഴിലാളികൾക്കായി അന്വേഷണം

ശാന്തൻപാറ: ഇടുക്കി ശാന്തൻപാറ ചേരിയാറിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന വീട്ടമ്മയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ചേരിയാർ സ്വദേശിനി റാണിയാണ് (57) വീടിന് സമീപത്തെ നടപ്പാതയിൽ മരിച്ചുകിടന്നത്. സംഭവത്തിന് പിന്നാലെ ഇവരുടെ വീടിനടുത്ത് താമസിച്ചിരുന്ന രണ്ട് അതിഥിത്തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. 25 വർഷം മുൻപ് തേനിയിൽ വച്ച് സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന റാണി, ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷമാണ് ചേരിയാറിൽ സ്ഥലം വാങ്ങി സ്ഥിരതാമസമാക്കിയത്.
പള്ളിയിൽ പോയി തിരിച്ചെത്തിയ റാണിയെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലായിരുന്നു. ഫോൺ വിളിച്ചിട്ടും ലഭിക്കാതായതോടെ സമീപവാസിയായ സുഹൃത്ത് ഇന്നലെ ഉച്ചയോടെ വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. വാതിലുകൾ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ നടപ്പാതയിൽ വികൃതമാക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.
റാണിയുടെ വലതുകൈപ്പത്തിയുടെ ഭാഗം അസ്ഥി മാത്രമായി മാറിയ നിലയിലും ബാക്കി ഭാഗം മുറിച്ചുമാറ്റിയ നിലയിലുമായിരുന്നു. തലയ്ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. തുടക്കത്തിൽ വന്യജീവി ആക്രമണമാണെന്നാണ് പ്രദേശവാസികൾ സംശയിച്ചതെങ്കിലും, സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ഈ മേഖലയിൽ കടുവയുടെയോ പുലിയുടെയോ സാന്നിധ്യമില്ലെന്ന് വ്യക്തമാക്കി. മൂന്നാർ–കുമളി സംസ്ഥാനപാതയിൽ ചേരിയാർ ടൗണിന് 200 മീറ്റർ അകലെ കാട് മൂടിക്കിടക്കുന്ന വിജനമായ ഭാഗത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്.
സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന രണ്ട് അതിഥിത്തൊഴിലാളികളെ അപ്രതീക്ഷിതമായി കാണാതായതോടെയാണ് ദുരൂഹത നീങ്ങി സംഭവത്തിൽ കൊലപാതക സാധ്യത ബലപ്പെട്ടത്. വീടിനുള്ളിൽ ബലപ്രയോഗം നടന്ന ലക്ഷണങ്ങളൊന്നും കാണാനില്ല. റാണി സ്വർണാഭരണങ്ങൾ അണിയാറില്ലാത്തതിനാൽ ആഭരണങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമമല്ല കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടിൽനിന്ന് മറ്റെന്തെങ്കിലും സാധനങ്ങൾ മോഷണം പോയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾക്കും ശാസ്ത്രീയ തെളിവെടുപ്പുകൾക്കും ശേഷം മാത്രമേ യഥാർത്ഥ മരണകാരണം സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പൊലീസ് അറിയിച്ചു.






































































































































