പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
മദ്യലഹരിയിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടികൂടി യുവതി; പൊലീസിന് കൈമാറി

കട്ടപ്പന∙ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് പിടികൂടി പൊലീസിനു കൈമാറി യുവതി. എറണാകുളം സ്വദേശി ജാക്സൻ (25) ആണ് പിടിയിലായത്. ഇന്നലെ രാത്രി എട്ടോടെ നഗരത്തിലായിരുന്നു സംഭവം. കുടുംബത്തോടൊപ്പമെത്തിയ കുന്തളംപാറ സ്വദേശിനി വീണയാണ് മദ്യലഹരിയിൽ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ പിന്തുടർന്ന് പിടികൂടിയത്. കുടുംബത്തോടൊപ്പം എത്തിയ യുവതി മാർക്കറ്റ് ജംക്ഷനിൽ എത്തിയപ്പോഴാണ് ജാക്സൻ ഉപദ്രവിക്കാൻ ശ്രമിച്ചത്. യുവതി പ്രതികരിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ യുവതി പിന്നാലെ ഓടി. പുതിയ ബസ് സ്റ്റാൻഡ് വരെ പിൻതുടർന്നശേഷം വ്യാപാരികളുടെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസിനു കൈമാറി.




































































































































