സിഎംആർഎൽ – എക്സാലോജിക്ക് കേസ്: ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സിഎംആർഎൽ – എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന സിഎംആർഎൽ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അറിയിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസിൽ വിശദമായ വാദം കേൾക്കുന്നുണ്ട്. ഇന്ന് തന്നെ വാദം പൂർത്തിയാക്കും. കോടതിയിൽ ഇ.ഡിയുടെയും കേന്ദ്രത്തിൻ്റെയും അഭിഭാഷകർ ഹാജരായിട്ടുണ്ട്. വിശദമായ വാദം കേട്ട് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനനുസരിച്ചാകും ഇ.ഡിയുടെ ഭാവി നടപടി.
ഇ.ഡി അധികാര പരിധി ലംഘിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് സിഎംആർഎൽ കോടതിയിൽ അറിയിച്ചു. 2024ൽ ഇസിഐആർ രജിസ്റ്റർ ചെയ്യുമ്പോൾ സിഎംആർഎല്ലിനെതിരെ ഏതെങ്കിലും തരത്തിലുള്ള എഫ്ഐആറോ എന്തെങ്കിലും തരത്തിലുള്ള പരാതിയോ ഉണ്ടായിരുന്നില്ല. റെയ്ഡ് അടക്കമുള്ള നടപടികളിലേക്ക് ഇ.ഡി നീങ്ങി. ഇതേക്കുറിച്ചെല്ലാം കോടതിയിൽ ഇ.ഡി ചൂണ്ടിക്കാണിക്കുന്നുണ്ട്. കമ്പനിക്കെതിരെ എസ്എഫ്ഐഒ പരാതി നൽകിയിട്ടുണ്ടെന്നും ഇത് കള്ളപ്പണ നിരോധന നിയമപ്രകാരം കുറ്റകരമാണെന്നുമായിരുന്നു ഇ.ഡിയുടെ വാദം.







































































































