നോ ക്യൂ, ഫുള്‍ സസ്പെന്‍സ്! രാഹുൽ-കെസി നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു; ചര്‍ച്ച നീണ്ടത് ഒരു മണിക്കൂറിലേറെ നേരം

കേരളത്തിന്റെ മുഖ്യമന്ത്രി ആരാണ് എന്നതിൽ സസ്പെൻസ് തുടരുന്നു. ദില്ലിയിലെ രാഹുൽ ഗാന്ധിയുടെ വസതിയില്‍ നടന്ന രാഹുൽ – കെസി കൂടിക്കാഴ്ച അവസാനിച്ചു. ഒരു മണിക്കൂറിലേറെ നേരം കൂടിക്കാഴ്ച നീണ്ടു. കെസി വേണുഗോപാലിനെ 9 മണിയോടെയാണ് രാഹുൽ തന്റെ വസതിയിലേക്ക് വിളിപ്പിച്ചത്. കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആകാംക്ഷയുടെ മുൾമുനയിലാണ് കെ സി, വി ഡി, ആർസി ക്യാമ്പുകൾ.
ദീപ ദാസ് മുൻഷിയും മുകുൾ വാസ്നിക്കും കേരളത്തിലേക്ക് തിരിച്ചിട്ടില്ല. അവര്‍ ദില്ലിയിൽ തന്നെ തുടരുകയാണ്. ദീപ ദാസ് മുൻഷിയും രണ്ട് എഐസിസി നിരീക്ഷകരും ഇന്ന് വൈകിട്ട് നാല് മണിക്ക് ചാർട്ടേഡ് ഫ്ലൈറ്റിൽ തിരുവനന്തപുരത്ത് എത്തും എന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നിയമസഭാകക്ഷിയോഗം ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും നിലവിലെ സാഹചര്യത്തിൽ യോഗം വൈകും. ഇന്ന് ഗവർണറുമായുള്ള കൂടിക്കാഴ്ചക്ക് കോൺഗ്രസ് സമയം തേടിയിട്ടുണ്ട്. ലോക്ഭവനുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആശയവിനിമയം നടത്തി. അതേസമയം, വിഡി സതീശൻ ആലുവയിലെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ്. രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടിൽ തുടരുകയാണ്.






































































































