സേവനത്തിന് അവധിയില്ല; കാരുണ്യത്തിന്റെ പുതുവഴിയില്‍ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍

അവധിക്കാലം ആഘോഷങ്ങള്‍ക്കും വിനോദങ്ങള്‍ക്കുമായി മാറ്റിവെക്കുന്നവര്‍ക്കിടയില്‍ സേവനത്തിന്റെ പുതുവഴി തേടുകയാണ് അടിമാലി SNDP വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍. മധ്യവേനലവധി തുടങ്ങിയത് മുതല്‍ അടിമാലി താലൂക് ആശുപത്രി, ദേവിയർ, ചിത്തിരപുരം, വെള്ളത്തൂവൽ പബ്ലിക് ഹെൽത്ത് സെന്ററുകളുമായി സഹകരിച്ച് വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് വിദ്യാര്‍ഥികള്‍.
കിടപ്പിലായ രോഗികള്‍ക്ക് സാന്ത്വനവും പരിചരണവും നല്‍കുന്ന പാലിയേറ്റിവ് ഹോം കെയര്‍ പദ്ധതിയില്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സജീവമാണ്. രോഗികളുടെ വീടുകളിലെത്തി ആവശ്യമായ സഹായം നല്‍കുന്നതിനൊപ്പം മാനസികമായ കരുത്ത് പകരുകയും ചെയ്യുകയാണ് ഈ കൗമാരപ്രായക്കാര്‍.
ഇതിനുപുറമെ, ഭിന്നശേഷി വിദ്യാര്‍ഥികളെ സഹായിക്കാനും ദൈനംദിന കാര്യങ്ങളില്‍ കൈത്താങ്ങാവാനും വളണ്ടിയര്‍മാര്‍ സമയം കണ്ടെത്തുന്നു. ഭിന്നശേഷി കുട്ടികളുടെ പഠനസാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സഹായികളായി നിന്നുകൊണ്ട് അവരിലൊരാളായി മാറുകയാണ് എന്‍എസ്എസ് അംഗങ്ങള്‍. ‘സേവനത്തിന് അവധിയില്ല’ എന്ന സന്ദേശം പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.
സ്കൂൾ പ്രിൻസിപ്പൽ എം എസ് അജി; പ്രോഗ്രാം ഓഫീസർ ബി അജയ്; നഴ്സുമാരായ ട്രീസ അഗസ്റ്റിൻ, പ്രിയമ്മ സെബാസ്റ്റൈൻ; ആൻസി ആന്റണി; സ്മിത ഇ വി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
















































































































